
ഹരാരെ: ആദ്യമായി സൂപ്പര്‍ ഓവര്‍ ആവേശം വിതറിയ ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് നെതര്‍ലന്‍ഡ്. സൂപ്പര്‍ ഓവറില്‍ ബാറ്റും പന്തും കൊണ്ട് ലോഗന്‍ വാന്‍ ബീക്കാണ്(30 റണ്‍സ്, 8 റണ്‍സിന് 2 വിക്കറ്റ്) നെതര്‍ലന്‍ഡ്‌സിന് ത്രസിപ്പിക്കുന്ന ജയമൊരുക്കിയത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്‌ത നെതര്‍ലന്‍ഡ്‌സിനായി ജേസന്‍ ഹോള്‍ഡറുടെ ഓവറില്‍ ലോഗന്‍ വാന്‍ ബീക്കും സ്കോട്ട് എഡ്‌വേഡ്‌സും 30 റണ്‍സ് നേടി. ആറ് പന്തില്‍ മുപ്പത് റണ്‍സും നേടിയത് വാന്‍ ബീക്കായിരുന്നു. മറുപടിയായി വാന്‍ ബീക്ക് തന്നെ പന്തെടുത്തപ്പോള്‍ 31 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസ് സിക്‌സോടെ തുടങ്ങിയെങ്കിലും അവസാന നാല് പന്തില്‍ നാല് സിക്‌സുകള്‍ നേടാനായില്ല. ജോണ്‍സണ്‍ ചാള്‍സ് മൂന്ന് പന്തില്‍ 7 റണ്‍സുമായും ജേസന്‍ ഹോള്‍ഡര്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങിയപ്പോള്‍ നെതര്‍ലന്‍ഡ് ഒരു പന്ത് ബാക്കിനില്‍ക്കേ സൂപ്പര്‍ ഓവറില്‍ ജയം സ്വന്തമാക്കി.
നേരത്തെ വിന്‍ഡീസിന്‍റെ 374 റണ്‍സ് പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സ് 50 ഓവറില്‍ 374/9 എന്ന നിലയിലായതോടെയാണ് മത്സരം സമനിലയായത്. ഹരാരെയില്‍ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇന്‍ഡീസ് വളരെ സുരക്ഷിതമായ സ്കോറാണ് നേടിയത്. യോഗ്യതാ മത്സരത്തിലെ മറ്റൊരു കളിയില്‍ കൂടി നിക്കോളസ് പുരാന്‍ വെടിക്കെട്ട് സെഞ്ചുറി നേടിയപ്പോള്‍ വിന്‍ഡീസ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 374 റണ്‍സെടുക്കുകയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ പുരാന്‍ 65 പന്തില്‍ 9 ഫോറും 6 സിക്‌സുമായി പുറത്താവാതെ 104* റണ്‍സെടുത്തു. 25 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 46* നേടിയ കീമോ പോളും ഇന്നിംഗ്‌സ് തീരുമ്പോള്‍ ക്രീസിലുണ്ടായിരുന്നു. ഓപ്പണര്‍മാരായ ബ്രാണ്ടന്‍ കിംഗും(81 പന്തില്‍ 76), ജോണ്‍സണ്‍ ചാള്‍സും(55 പന്തില്‍ 54) നായകന്‍ ഷായ് ഹോപ്പുമാണ്(38 പന്തില്‍ 47) വിന്‍ഡീസിനായി ബാറ്റ് കൊണ്ട് തിളങ്ങിയത് മറ്റ് താരങ്ങള്‍. ഷമാ ബ്രൂക്ക്‌സ് 31 പന്തില്‍ 25 റണ്‍സെടുത്തു. നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡും സാഖ്വിര്‍ സുള്‍ഫിഖറും രണ്ട് വീതവും ലൊഗാന്‍ വാന്‍ ബീക്കും വിവിയന്‍ കിംഗ്‌മയും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്‌സിനായി ബാറ്റെടുത്തവരെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചപ്പോള്‍ അഞ്ചാം വിക്കറ്റിലെ ക്യാപ്റ്റന്‍ സ്കോട്ട് എഡ്‌വേഡ്‌സ്-തേജ നിഡാമനുരു കൂട്ടുകെട്ടാണ് വിജയപ്രതീക്ഷ സമ്മാനിച്ചത്. വിക്രംജീത് സിംഗ്(32 പന്തില്‍ 37), മാക്‌സ് ഒഡൗഡ്(36 പന്തില്‍ 36), വെസ്‌ലി ബരേസി(34 പന്തില്‍ 27), ബാസ് ഡി ലീഡ്(47 പന്തില്‍ 33) എന്നിങ്ങനെയായിരുന്നു ടോപ് ഫോര്‍ ബാറ്റര്‍മാരുടെ സ്കോറുകള്‍. സ്കോട്ട് എഡ്‌വേഡ്‌സും തേജ നിഡമനുരുവും 44-ാം ഓവറില്‍ ടീമിനെ 300 കടത്തി. അതേ ഓവറില്‍ തന്‍റെ 68 പന്തില്‍ നിന് തേജ രണ്ടാം ഏകദിന സെഞ്ചുറി സ്വന്തമാക്കി. അവസാന ആറ് ഓവറില്‍ 62 റണ്‍സാണ് നെതര്‍ലന്‍ഡ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. തൊട്ടടുത്ത റോഷ്‌ടണ്‍ ചേസിന്‍റെ പന്തില്‍ എഡ്‌ജായി എഡ്‌വേഡ്‌സ്(47 പന്തില്‍ 67) റിട്ടേണ്‍ ക്യാച്ചിലൂടെ മടങ്ങി. ജേസന്‍ ഹോള്‍ഡര്‍ എറിഞ്ഞ 46-ാം ഓവര്‍ നിര്‍ണായകമായി. ഇല്ലാത്ത റണ്ണിനായി ഓടി സാദിഖ് സുല്‍ഫിക്കര്‍(5 പന്തില്‍ 3) റണ്ണൗട്ടായപ്പോള്‍ സെഞ്ചുറിവീരന്‍ തേജ നിഡമനുരു 76 പന്തില്‍ 11 ഫോറും 3 സിക്‌സുമായി 111 റണ്‍സെടുത്ത് മടങ്ങി.
ഇതോടെ പ്രതിരോധത്തിലായ നെതര്‍ലന്‍ഡിന് മൂന്ന് വിക്കറ്റ് കയ്യിലിരിക്കേ അവസാന മൂന്ന് ഓവറില്‍ ജയിക്കാന്‍ 42 റണ്‍സ് വേണമായിരുന്നു. എന്നാല്‍ തകര്‍ത്തടിച്ച ലോഗന്‍ വാന്‍ ബീക്കും അര്യന്‍ ദത്തും നെതര്‍ലന്‍ഡ്‌സിന് പ്രതീക്ഷ നല്‍കി. 9 പന്തില്‍ 16 റണ്‍സുമായി അര്യന്‍, അല്‍സാരി ജോസഫിന്‍റെ അവസാന ഓവറിലെ മൂന്നാം പന്തില്‍ പുറത്തായി. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണ്ടവേ ലോഗന്‍ വാന്‍ ബീക്ക് ജോസന്‍ ഹോള്‍ഡറുടെ ക്യാച്ചില്‍ പുറത്തായതോടെ മത്സരം സമനിലയിലാവുകയും സൂപ്പര്‍ ഓവറിലേക്ക് കടക്കുകയുമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഏകദിന റാങ്കിംഗില്‍ ഒരു സ്ഥാനം മുന്നിട്ടുനില്‍ക്കുന്ന വെസ്റ്റ് ഇന്‍ഡീസ് 35 റണ്ണിന്‍റെ തോല്‍വി സിംബാബ്‍വെയോട് നേരിട്ടിരുന്നു. സിംബാബ്‍വെ മുന്നോട്ടുവെച്ച 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസ് 44.4 ഓവറില്‍ 233 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു.
കഷ്‌ടിച്ച് 100 കടന്ന് അമേരിക്ക; 304 റണ്‍സിന്‍റെ ഹിമാലയന്‍ ജയവുമായി സിംബാബ്‌വെ, റെക്കോര്‍ഡ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!