409 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ അമേരിക്കയുടെ മറുപടി ബാറ്റിംഗ് 25.1 ഓവറില്‍ 104 റണ്‍സില്‍ അവസാനിച്ചു

ഹരാരെ: ഏകദിനലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റെക്കോര്‍ഡ് സ്കോര്‍ പടുത്തുയര്‍ത്തിയ കളിയില്‍ യുഎസ്‌എയ്ക്കെതിരെ ഐതിഹാസിക ജയവുമായി സിംബാബ്‌വെ. 409 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ യുഎസ്എ 304 റണ്‍സിന്‍റെ അതിദാരുണമായ തോല്‍വി മത്സരത്തില്‍ വഴങ്ങി. അമേരിക്കയുടെ മറുപടി ബാറ്റിംഗ് 25.1 ഓവറില്‍ വെറും 104 റണ്‍സില്‍ അവസാനിച്ചു. ഇതാദ്യമായാണ് സിംബാബ്‌വെ ഏകദിനത്തില്‍ 300ലധികം റണ്‍സിന് വിജയിക്കുന്നത്. പുരുഷ ഏകദിനത്തില്‍ റണ്‍കണക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം കൂടിയാണിത്. വിസ്‌മയ സെഞ്ചുറി നേടിയ സിംബാബ്‌വെന്‍ നായകന്‍ ഷോണ്‍ വില്യംസാണ് കളിയിലെ താരം. വില്യംസ് 101 പന്തില്‍ 174 റണ്‍സെടുത്താണ് പുറത്തായത്. 

ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ ടീമിന്‍റെ ഏകദിന ചരിത്രത്തിലാദ്യമായി 400ന് മുകളില്‍ സ്കോര്‍ ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ ഷോണ്‍ വില്യംസ് തകര്‍പ്പന്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 408 എന്ന ഹിമാലയന്‍ സ്കോര്‍ പിറന്നു. ഏകദിനത്തില്‍ സിംബാബ്‌വെയുടെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. 2009ല്‍ കെനിയക്കെതിരെ 351-7 എന്ന സ്കോര്‍ നേടിയതായിരുന്നു ഇതിന് മുമ്പ് അവരുടെ ഉയ‍ര്‍ന്ന സ്കോര്‍. വില്യംസ് 101 പന്തില്‍ 21 ഫോറും 5 സിക്‌സറും സഹിതം 174 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ജോയ്‌ലോഡ് ഗംബീ 103 പന്തില്‍ 78 ഉം, ഇന്നസെന്‍റ് കൈയ 41 പന്തില്‍ 32 ഉം, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ 27 പന്തില്‍ 48 ഉം, റയാന്‍ ബേള്‍ 16 പന്തില്‍ 47 ഉം, തദിവാന്‍ഷെ മരുമണി 6 പന്തില്‍ 18* ഉം റണ്‍സ് കണ്ടെത്തി. രണ്ടാം വിക്കറ്റിലെ വില്യംസിന്‍റെയും ഗംബീയുടേയും 160 റണ്‍സ് കൂട്ടുകെട്ട് നിര്‍ണായകമായി. യുഎസ്‌എയ്ക്കായി അഭിഷേക് പരാഥ്‌ക‍ര്‍ മൂന്നും ജെസ്സി സിംഗ് രണ്ടും നൊതൂഷ് കെഞ്ചീഗ് ഒന്നും വിക്കറ്റ് സ്വന്തമാക്കി. 

യുഎസ്‌എയുടെ മറുപടി ബാറ്റിംഗില്‍ മൂന്നാം ഓവര്‍ മുതല്‍ സിംബാബ്‌വെന്‍ ബൗളര്‍മാര്‍ വിക്കറ്റ് പിഴുത് തുടങ്ങിയതോടെ അമേരിക്ക വളരെ കഷ്‌ടപ്പെട്ടാണ് 100 റണ്‍സ് കടന്നത്. ടോപ് ഫോറിലെ നാല് താരങ്ങളും റിച്ചാര്‍ഡ് നഗരാവ, ബ്രാഡ് ഇവാന്‍സ് എന്നിവര്‍ക്ക് മുന്നില്‍ ഒറ്റയക്കത്തില്‍ കീഴടങ്ങി. സ്റ്റീവ് ടെയ്‌ലര്‍(0), സുഷാന്ത് മോദിനി(6), മൊനാക് പട്ടേല്‍(9), ആരോണ്‍ ജോണ്‍സ്(8) എന്നിങ്ങനെയായിരുന്നു സ്കോര്‍. മൂന്നേ മൂന്ന് താരങ്ങളാണ് രണ്ടക്കം കണ്ടത്. 31 പന്തില്‍ 24 റണ്‍സ് നേടിയ അഭിഷേക് പരാഥ്‌കറാണ് ടോപ് സ്കോറര്‍. ശ്യാം ജഹാംഗിര്‍ പൂജ്യത്തിനും നിസാര്‍ഗ് പട്ടേല്‍ 2 റണ്‍സിനും ജസ്‌ദീപ് സിംഗ് 26 പന്തില്‍ 21നും ഉസ്‌മാന്‍ റഫീഖ് അക്കൗണ്ട് തുറക്കാതെയും പുറത്തായപ്പോള്‍ 19 പന്തില്‍ 6* റണ്‍സുമായി നൗതുഷ് കെജിഗെ പുറത്താവാതെ നിന്നു. 

Read more: ചരിത്രത്തിലാദ്യം, 400ലധികം റണ്‍സുമായി സിംബാബ്‌വെ; നായകന്‍ വില്യംസിന് ഇരട്ട സെഞ്ചുറി നഷ്‌ടം