
ഹരാരേ: ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ സൂപ്പര്‍ സിക്‌സില്‍ അയാന്‍ ഖാന്‍റെ തകര്‍പ്പന്‍ സെഞ്ചുറിക്കിടയിലും നെതര്‍ലന്‍ഡ്‌സിനെതിരെ ഒമാന് മഴനിയമം പ്രകാരം 74 റണ്‍സിന്‍റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്‌ത നെതര്‍ലന്‍ഡ്‌സ് 48 ഓവറില്‍ 7 വിക്കറ്റിന് 362 റണ്‍സ് നേടിയപ്പോള്‍ ഒമാന് 44 ഓവറില്‍ 6 വിക്കറ്റിന് 246 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. അയാന്‍ ഖാന്‍റെ ആദ്യ ഏകദിന സെഞ്ചുറിയാണിത്. നെതര്‍ലന്‍ഡ്‌സിനായി ശതകം നേടിയ ഓപ്പണര്‍ വിക്രംജീത്ത് സിംഗ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത നെതര്‍ലന്‍ഡ്‌സ് വിക്രംജീത്ത് സിംഗിന്‍റെ സെഞ്ചുറിയുടെയും വെസ്‌ലി ബരെസിയുടെ അര്‍ധസെഞ്ചുറിയുടേയും കരുത്തില്‍ 48 ഓവറില്‍ 7 വിക്കറ്റിന് 362 റണ്‍സാണെടുത്തത്. വിക്രംജീത്ത് 109 പന്തില്‍ 11 ഫോറും 2 സിക്‌സും സഹിതം 110 റണ്‍സുമായി പുറത്തായപ്പോള്‍ 65 പന്തില്‍ 10 ഫോറും 3 സിക്‌സും ഉള്‍പ്പടെ 97 റണ്‍സ് നേടിയ ബരെസിക്ക് തലനാരിഴയ്‌ക്ക് അര്‍ഹമായ സെഞ്ചുറി നഷ്‌ടമായി. മാക്‌സ് ഒഡൗഡ്(64 പന്തില്‍ 35), ക്യാപ്റ്റന്‍ സ്കോട്ട് എഡ്‌വേഡ്‌സ്(7 പന്തില്‍ 4), ബാസ് ഡി ലീഡ്(19 പന്തില്‍ 39), സാഖ്വിബ് സുല്‍ഫിക്കര്‍(17 പന്തില്‍ 33), തേജാ നിഡമനുരു(2 പന്തില്‍ 2), ലോഗന്‍ വാന്‍ ബീക്ക്(4 പന്തില്‍ 6*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 23 വൈഡുകള്‍ സഹിതം 36 എക്‌സ്‌ട്രാ റണ്‍സ് വഴങ്ങിയത് ഒമാന്‍ ബൗളര്‍മാര്‍ക്ക് തിരിച്ചടിയായി.
മറുപടി ബാറ്റിംഗില്‍ ഒമാന് 19.3 ഓവറില്‍ 104 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്‌ടമായി. ജതീന്ദര്‍ സിംഗ് 24 പന്തില്‍ 17 ഉം, ക്യാപ്റ്റന്‍ ആഖ്വിബ് ഇല്യാസ് 6 പന്തില്‍ 4 ഉം, കശ്യപ് പ്രജാപതി 32 പന്തില്‍ 25 ഉം, മുഹമ്മദ് നദീം 28 പന്തില്‍ 16 ഉം റണ്‍സുമായി മടങ്ങി. ഇതിന് ശേഷം ഷൊയ്‌ബ് ഖാനൊപ്പം അയാന്‍ ഖാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ടീമിനെ 200 കടത്തി. 61 പന്തില്‍ 46 റണ്‍സുമായി ഷൊയ്‌ബും 8 പന്തില്‍ 3 റണ്‍സുമായി സന്ദീപ് ഗൗഡും പുറത്തായപ്പോള്‍ 44 ഓവറില്‍ ഇന്നിംഗ്‌സ് തീരുമ്പോള്‍ അയാന്‍ ഖാനും(92 പന്തില്‍ 105*), സുരാജ് കുമാറും(15 പന്തില്‍ 10*) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം