Latest Videos

ടെസ്റ്റ് മത്സരത്തില്‍ കൊവിഡ് സബ്സ്റ്റിറ്റ്യൂട്ടും; നിര്‍ദേശവുമായി ഐസിസി

By Web TeamFirst Published Jun 5, 2020, 6:16 PM IST
Highlights

ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസം നീളുമെന്നതിനാല്‍ ഓരോ ദിവസവും കളിക്കാരെ പരിശോധനക്ക്  വിധേയരാക്കേണ്ടിവരും. പരിശോധനക്കിടെ ഏതെങ്കിലും കളിക്കാരന്‍ കൊവിഡ് പൊസറ്റീവാണെന്ന് തെളിഞ്ഞാല്‍ ഈ കളിക്കാരന്റെ സേവനം മത്സരത്തില്‍ ലഭ്യമാകാത്ത സാഹചര്യമുണ്ടാകും.

ദുബായ്: കൊവിഡ് മഹാമാരിക്കുശേഷം കളിക്കളങ്ങള്‍ വീണ്ടും സജീവമായി തുടങ്ങുകയാണ്. മാര്‍ച്ചില്‍ നിര്‍ത്തിവെച്ച മത്സരങ്ങള്‍ പലതും അടുത്ത മാസം മുതല്‍ പുനരാരാംഭിക്കാനുള്ള ആലോചനയിലുമാണ്. കൊവിഡ് ഭീതി പൂര്‍ണമായും അകലാത്ത പശ്ചാത്തലത്തില്‍ ക്രിക്കറ്റില്‍ പുതിയൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ ഏതെങ്കിലും കളിക്കാര്‍ക്ക് കൊവിഡ് പോസറ്റീവാണെന്ന് തെളിഞ്ഞാല്‍ പകരക്കാരെ ഇറക്കാനുള്ള നിര്‍ദേശമാണ് ഐസിസി മുന്നോട്ടുവെക്കുന്നത്.

നിലവില്‍ മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരന് പരിക്കേറ്റാല്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കാന്‍ ടീമുകള്‍ക്ക് കഴിയും.  എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൊവിഡ് സബ്സ്റ്റിറ്റ്യൂഷന്‍ കൂടി ഉള്‍പ്പെടുത്താനാണ് ഐിസിസി ആലോചിക്കുന്നത്. ഇക്കാര്യം ഐസിസിയുടെ സജീവ പരിഗണനയിലാണെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് സ്പെഷല്‍ പ്രൊജക്ട് ഡയറക്ടര്‍ സ്റ്റീവ് എല്‍വര്‍ത്തി പറഞ്ഞു.

Also Read: കേരളത്തിനൊപ്പം കളിക്കും, എന്റെ പന്തില്‍ ക്യാച്ച് വിട്ടുകളയരുത്; ഉത്തപ്പയുടെ പരിഹാസത്തിന് ശ്രീശാന്തിന്റെ മറുപടി

ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസം നീളുമെന്നതിനാല്‍ ഓരോ ദിവസവും കളിക്കാരെ പരിശോധനക്ക്  വിധേയരാക്കേണ്ടിവരും. പരിശോധനക്കിടെ ഏതെങ്കിലും കളിക്കാരന്‍ കൊവിഡ് പൊസറ്റീവാണെന്ന് തെളിഞ്ഞാല്‍ ഈ കളിക്കാരന്റെ സേവനം മത്സരത്തില്‍ ലഭ്യമാകാത്ത സാഹചര്യമുണ്ടാകും. അതുകൊണ്ടുതന്നെ ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമായിരിക്കും കൊവിഡ് സബ്‌സ്റ്റിറ്റ്യൂഷന്‍ നടപ്പാക്കുകയെ എല്‍വര്‍ത്തി വ്യക്തമാക്കി. ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലും കൊവിഡ് സബ്‌സ്റ്റിറ്റ്യൂഷന് നിലവില്‍ സാധ്യതതയില്ലെന്നും എല്‍വര്‍ത്തി വ്യക്തമാക്കി.

ഐസിസി അംഗീകരിച്ചാല്‍ അടുത്തമാസംനടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ തന്നെ കൊവിഡ് സബ്സ്റ്റിറ്റ്യൂഷന്‍ പ്രാബല്യത്തിലാവുമെന്നാണ് കരുതുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പന്തിന്റെ തിളക്കം കൂട്ടാന്‍ തുപ്പല്‍ പുരട്ടുന്നത് ഐസിസി ക്രിക്കറ്റ് കമ്മിറ്റി നേരത്തെ വിലക്കിയിരുന്നു.

click me!