Latest Videos

ഇന്ത്യന്‍ താരങ്ങളെ ഇടിച്ച് വിജയാഘോഷം; ബംഗ്ലാ താരങ്ങളെ പൂട്ടാന്‍ ഐസിസി; വിവാദ സംഭവം ലോകകപ്പിനിടെ

By Web TeamFirst Published Feb 10, 2020, 7:32 PM IST
Highlights

അണ്ടര്‍ 19 ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യന്‍ കളിക്കാരുടെ തോളിലിടിച്ചും ഉന്തിയും തള്ളിയുമായിരുന്നു ബംഗ്ലാദേശ് താരങ്ങളുടെ വിജയാഘോഷം

പൊച്ചെഫെസ്‌ട്രൂ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാാമ്പ്യന്‍മാരായ ഇന്ത്യയെ തോല്‍പിച്ച് ബംഗ്ലാദേശ് താരങ്ങള്‍ മൈതാനത്ത് കാട്ടിക്കൂട്ടിയ സംഭവങ്ങള്‍ വലിയ വിവാദമാവുകയാണ്. ഇന്ത്യന്‍ കളിക്കാരുടെ തോളിലിടിച്ചും ഉന്തിയും തള്ളിയുമായിരുന്നു ബംഗ്ലാദേശ് താരങ്ങളുടെ വിജയാഘോഷം. സംഭവത്തില്‍ ഐസിസി അന്വേഷണം ഉണ്ടാകുമെന്ന് ഇന്ത്യന്‍ ടീം മാനേജര്‍ അനില്‍ പട്ടേല്‍ വ്യക്തമാക്കി. 

'എന്താണ് സത്യത്തില്‍ സംഭവിച്ചത് എന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയില്ല. എല്ലാവരും കോരിത്തരിച്ചിരിക്കുകയാണ്. മത്സരത്തിന്‍റെ അവസാന നിമിഷങ്ങളുടെ വീഡിയോ ഐസിസി പരിശോധിച്ച് നടപടിയെടുക്കും. മാച്ച് റഫറി ഗ്രേം ലബ്രോയ് തന്‍റെ അടുത്തെത്തി മാപ്പുപറഞ്ഞു. സംഭവം ഐസിസി ഗൗരവമായി കാണും' എന്ന് അദേഹം അറിയിച്ചതായും ഇന്ത്യന്‍ ടീം മാനേജര്‍ വ്യക്തമാക്കിയതായി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. 

മത്സരം ജയിച്ചതിന് പിന്നാലെ മൈതാനത്തേക്ക് ഓടിയെത്തിയ ബംഗ്ലാതാരങ്ങള്‍ പ്രകോപനപരമായ ആഘോഷങ്ങള്‍ കൊണ്ട് പുലിവാല്‍ പിടിക്കുകയായിരുന്നു. ബംഗ്ലാ താരങ്ങള്‍ കയ്യാങ്കളിക്ക് മുതിര്‍ന്നതോടെ രൂക്ഷമായ വാക്‌പോരുണ്ടായി. അംപയര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ബംഗ്ലാ താരങ്ങളുടേത് വൃത്തികെട്ട പെരുമാറ്റമാണെന്നും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യന്‍ നായകന്‍ പ്രിയം ഗാര്‍ഗ് മത്സരശേഷം വ്യക്തമാക്കിയിരുന്നു. 

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് നടന്നു എന്നേറ്റുപറഞ്ഞ് ബംഗ്ലാദേശ് നായകന്‍ അക്‌ബര്‍ അലി മാപ്പുചോദിച്ചിരുന്നു. 'എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല, എന്താണ് സംഭവിക്കുന്നത് എന്ന് ആരാഞ്ഞുമില്ല. ഇതൊരു ഫൈനലാണെന്നും വൈകാരിക പ്രകടനങ്ങള്‍ ഉണ്ടാകുമെന്നും എല്ലാവര്‍ക്കുമറിയാം. യുവതാരങ്ങള്‍ എന്ന നിലയില്‍ ഇത് സംഭവിക്കരുതായിരുന്നു. ഏത് ഘട്ടത്തിലും സാഹചര്യത്തിലായാലും എതിരാളികളെ ബഹുമാനിക്കേണ്ടതുണ്ട്' എന്നും അക്‌ബര്‍ പറഞ്ഞു.

click me!