ടി20 ലോകകപ്പ് സെമി ഉറപ്പിച്ചത് ആരൊക്കെ, ഇന്ത്യക്ക് 97 % സാധ്യത, ഓസട്രേലിയക്ക് 57%; അഫ്ഗാനും പ്രതീക്ഷ

Published : Jun 23, 2024, 03:35 PM IST
ടി20 ലോകകപ്പ് സെമി ഉറപ്പിച്ചത് ആരൊക്കെ, ഇന്ത്യക്ക് 97 % സാധ്യത, ഓസട്രേലിയക്ക് 57%; അഫ്ഗാനും പ്രതീക്ഷ

Synopsis

ഓസ്ട്രേലിയയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തുന്ന ഇന്ത്യക്ക് ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരെയാകും സെമിയില്‍ നേരിടേണ്ടിവരിക.

സെന്‍റ് ലൂസിയ: ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ നാളെ ഓസ്ട്രേലിയയെ നേരിടാനിറങ്ങുകയാണ്. സൂപ്പര്‍ 8ലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ സെമിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ഇനി ഇന്ത്യ സെമി കാണാതെ പുറത്താവു. അതേസമയം, ഇന്ന് അഫ്ഗാനിസ്ഥാനെതിരെ തോറ്റതോടെ ഓസ്ട്രേലിയയുടെ കാര്യം ത്രിശങ്കുവിലാണ്.

നാളെ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പോലും ഓസ്ട്രേലിയക്ക് സെമി ടിക്കറ്റ് ഉറപ്പില്ല. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദം മുഴുവന്‍ ഓസ്ട്രേലിയക്കായിരിക്കുമെന്നുറപ്പ്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് ഫൈനലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയെ തകര്‍ത്താണ് ഓസ്ട്രേലിയ കിരീടം നേടിയത്. ഏകദിന ലോകകപ്പില്‍ അപരാജിതരായ ഫൈനലിലെത്തിയ ഇന്ത്യയെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഒരു ലക്ഷത്തില്‍പ്പരം കാണികള്‍ക്ക് മുമ്പില്‍ കീഴടക്കി ആറാം കിരീടം നേടിയപ്പോള്‍ ഇന്ത്യയിലെ കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിലാണ് ഓസ്ട്രേലിയ മുറിവേല്‍പ്പിച്ചത്. ആ തോല്‍വി അരാധകര്‍ ഇപ്പോഴും മറന്നിട്ടില്ല.

അഫ്ഗാനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഓസീസ് നായകന്‍ മിച്ചൽ മാർഷ്

അതുകൊണ്ടുതന്നെ നാളെ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ മധുരപ്രതികാരത്തിനുള്ള അവസരമാണ് ടീം ഇന്ത്യക്കിത്. ഓസ്ട്രേലിയയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തുന്ന ഇന്ത്യക്ക് ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരെയാകും സെമിയില്‍ നേരിടേണ്ടിവരിക. അത് മാത്രമല്ല നാളെ ഓസീസിനെ തോല്‍പ്പിച്ചാല്‍ സെമിയിലെത്താമെന്ന ഓസീസ് മോഹങ്ങള്‍ക്ക ഇരുട്ടടി നല്‍കാനും രോഹിത് ശര്‍മക്കും സംഘത്തിനുമാകും. നെറ്റ് റണ്‍റേറ്റില്‍ ഏറെ മുന്നിലുള്ളതിനാല്‍ ഓസീസിനെതിരെ തോറ്റാല്‍ പോലും ഇന്ത്യക്ക് സെമിയിലെത്താനാകും എന്നതിനാല്‍ സമ്മര്‍ദ്ദമൊന്നുമില്ലാതെയാകും ഇന്ത്യ ഇറങ്ങുക. നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഇന്ത്യക്ക് സെമിയിലെത്താന്‍ 96.9 ശതമാനം സാധ്യതയാണ് സ്റ്റാര്‍ സ്പോര്‍ട് പ്രവചിക്കുന്നത്. ഇന്ത്യക്കെതിരെ ഓസ്ട്രേലിയയും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാനും 120 റണ്‍സ് വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ മാത്രമെ ഇന്ത്യ സെമി കാണാതെ പുറത്താകു.

അതേസമയം, ഇന്ത്യയെ തോല്‍പിച്ചാല്‍ മാത്രം ഓസീസിന് സെമിയിലെത്താനാവില്ല. അഫ്ഗാിസ്ഥാന്‍-ബംഗ്ലാദേശ് പോരാട്ടത്തില്‍ അഫ്ഗാന്‍ വമ്പന്‍ ജയം നേടാതിരിക്കുകയും വേണം. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനെക്കാള്‍ മുന്നിലാണെന്നത് മാത്രമാണ് ഓസീസിന് അശ്വാസം പകരുന്ന കാര്യം. നിലവില്‍ ഓസ്ട്രേലിയക്ക് സെമിയിലെത്താന്‍ 57.3 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

ടി20 ലോകകപ്പ്: ഗ്രൂപ്പ് ഒന്നിൽ സെമി ഉറപ്പിച്ചവർ ആരുമില്ല; ഇംഗ്ലണ്ടിനും വിന്‍ഡീസിനും ഇനി മരണക്കളി

ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം കഴിഞ്ഞാണ് അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് പോരാട്ടം നടക്കുന്നത്. അതിനാല്‍ തന്നെ നെറ്റ് റണ്‍റേറ്റ് കണക്കുകൂട്ടി കളിക്കാന്‍ അഫ്ഗാനാവുമെന്നതും അനുകൂല ഘടകമാണ്. ഓസ്ട്രേലിയയെ തോല്‍പ്പിച്ചതോടെ അഫ്ഗാനിസ്ഥാന്‍റെ സെമി സാധ്യത 37.5 ശതമാനായി ഉയര്‍ന്നിട്ടുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് കളികളും തോറ്റ ബംഗ്ലാദേശ് സാങ്കേതികമായി പുറത്തായിട്ടില്ലെങ്കിലും 8.6 ശതമാനം മാത്രമാണ് ബംഗ്ലാദേശിന്‍റെ സെമി സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര