ഐസിസി റാങ്കിംഗ്: വിരാട് കോലിയെയും രോഹിത് ശര്‍മയെയും പിന്തള്ളി വന്‍ കുതിപ്പുമായി ശുഭ്മാന്‍ ഗില്‍

By Web TeamFirst Published Jan 25, 2023, 3:05 PM IST
Highlights

ആദ്യ പത്തില്‍ ഗില്ലും കോലിയും രോഹിത്തുമാണ് ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. പരിക്കു മൂലം ന്യൂസിലന്‍ഡിനെതിരായ പരമ്പര നഷ്ടമായ ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 19-ാമതാണ്. വിവാഹിതനാവുന്നതിനാല്‍ ന്യൂബസിലന്‍ഡിനെതിരെ കളിക്കാതിരുന്ന കെ എല്‍ രാഹുല്‍ മൂന്ന് സ്ഥാനം താഴേക്കിറങ്ങി 43-ാം സ്ഥാനത്താണിപ്പോള്‍.

ദുബായ്: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ കുതിപ്പുമായി ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഒരു ഡബിള്‍ സെഞ്ചുറിയും ഒരു സെഞ്ചുറിയും അടക്കം 360 റണ്‍സടിച്ച് റെക്കോര്‍ഡിട്ട ഗില്‍ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലിയെയും രോഹിത് ശര്‍മയെയും പിന്തള്ളി ആറാം സ്ഥാനത്തെത്തി. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഗില്‍ 734 റേറ്റിംഗ് പോയന്‍റുമായി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

ശ്രീലങ്കക്കെതിരെ രണ്ട് സ‍െഞ്ചുറിയുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തശേഷം ന്യൂസിലന്‍ഡിനെിരെ നിറം മങ്ങിയ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്തെത്തി. മൂന്ന് വര്‍ഷത്തിനുശേഷമുള്ള ആദ്യ ഏകദിന സെഞ്ചുറിയിലൂടെ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും നില മെച്ചപ്പെടുത്തി. പുതിയ റാങ്കിംഗില്‍ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനൊപ്പം എട്ടാം സ്ഥാനത്താണ് രോഹിത് ശര്‍മ. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ഐസിസി ഏകദിന റാങ്കിംഗ്; ചരിത്രനേട്ടവുമായി മുഹമ്മദ് സിറാജ്

ആദ്യ പത്തില്‍ ഗില്ലും കോലിയും രോഹിത്തുമാണ് ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. പരിക്കു മൂലം ന്യൂസിലന്‍ഡിനെതിരായ പരമ്പര നഷ്ടമായ ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 19-ാമതാണ്. വിവാഹിതനാവുന്നതിനാല്‍ ന്യൂബസിലന്‍ഡിനെതിരെ കളിക്കാതിരുന്ന കെ എല്‍ രാഹുല്‍ മൂന്ന് സ്ഥാനം താഴേക്കിറങ്ങി 43-ാം സ്ഥാനത്താണിപ്പോള്‍.

ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ യുവതാരം ഇഷന്‍ കിഷന്‍ ന്യൂസിലന‍ഡിനെതിരെ നിറം മങ്ങിയതോടെ എട്ട് സ്ഥാനം താഴേക്ക് വീണ് 45-ാം സ്ഥാനത്തായി. ഇന്നലെ ന്യൂസിലന്‍ഡിനെതിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി 75-ാം സ്ഥാനത്തുണ്ട്. ഓള്‍ റൗണ്ടര്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങാരും ഇല്ല. 17-ാം സ്ഥാനത്തുള്ള ഹാര്‍ദ്ദിക് ആണ് ആദ്യ ഇരുപതിലെ ഏക ഇന്ത്യന്‍ സാന്നിധ്യം.

ഇന്നലെ ഇന്‍ഡോറില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും സെഞ്ചുറി നേടിയ ഗില്‍ മൂന്ന് മത്സര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു.

click me!