കൊളംബോ ടെസ്റ്റ്: അച്ചടക്ക ലംഘനത്തിന് ഐസിസി ശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ താരമായി പ്രഭാത് ജയസൂര്യ

Published : Aug 25, 2026, 04:41 PM IST
Prabath Jayasuriya

Synopsis

ഇന്ത്യക്കെതിരായ കൊളംബോ ടെസ്റ്റിൽ അച്ചടക്ക ലംഘനം നടത്തിയ ശ്രീലങ്കൻ സ്പിന്നർ പ്രഭാത് ജയസൂര്യക്ക് ഐസിസിയുടെ ഔദ്യോഗിക ശാസന. പുറത്തായതിലുള്ള നിരാശയിൽ ബാറ്റുകൊണ്ട് ബൗണ്ടറി വെഡ്ജുകളിൽ അടിച്ചതിനാണ് നടപടി. ഇതോടെ ഈ മത്സരത്തിൽ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ താരമായി ജയസൂര്യ മാറി.

കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഐസിസി നടപടി നേരിടുന്ന മൂന്നാമത്തെ താരമായി ശ്രീലങ്കന്‍ സ്പിന്നര്‍ പ്രഭാത് ജയസൂര്യ. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഭാത് ജയസൂര്യയെ ഔദ്യോഗികമായി ശാസിച്ചു. മത്സരത്തിന്റെ രണ്ടാം ദിവസമാണ് ഈ സംഭവം ഉണ്ടായത്. കളിയുടെ അവസാന പന്തില്‍ ഇന്ത്യയുടെ മാനവ് സുതറിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായതിന് പിന്നാലെ ജയസൂര്യയുടെ നിരാശ പ്രകടമാക്കിയിരുന്നു.

പവലിയനിലേക്ക് തിരികെ നടക്കുമ്പോള്‍ ശ്രീലങ്കന്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ തന്റെ ബാറ്റുകൊണ്ട് ബൗണ്ടറി വെഡ്ജുകളില്‍ അടിക്കുകയായിരുന്നു. അന്താരാഷ്ട്ര മത്സരത്തിനിടയില്‍ ക്രിക്കറ്റ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഗ്രൗണ്ട് ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഫിക്‌സ്ചറുകള്‍ എന്നിവ അനുചിതമായി ഉപയോഗിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് ജയസൂര്യയ്ക്ക് എതിരെയുള്ള കുറ്റം ചുമത്തിയത്.

ഈ സംഭവത്തെ തുടര്‍ന്ന് ജയസൂര്യയ്ക്ക് ഔദ്യോഗിക ശാസനയും ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു. കഴിഞ്ഞ 24 മാസത്തിനിടയില്‍ ഐസിസി പെരുമാറ്റച്ചട്ടം അനുസരിച്ച് താരത്തിന്റെ ആദ്യ കുറ്റമാണിത്. കുറ്റം സമ്മതിച്ച ജയസൂര്യ, ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറിയായ ആന്റി പൈക്രോഫ്റ്റ് നിര്‍ദ്ദേശിച്ച ശിക്ഷാ നടപടിയും അംഗീകരിച്ചു. ചാര്‍ജും ശിക്ഷയും താരം അംഗീകരിച്ചതിനാല്‍ ഔദ്യോഗിക ഹിയറിംഗിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഫീല്‍ഡ് അമ്പയര്‍മാരായ അഹ്‌സന്‍ റസ, ശര്‍ഫുദ്ദൗല ഇബ്‌നെ ഷാഹിദ് എന്നിവരാണ് കുറ്റം ചുമത്തിയത്.

കൊളംബോ ടെസ്റ്റില്‍ ഐസിസിയുടെ ശിക്ഷാ നടപടിക്ക് വിധേയനാകുന്ന മൂന്നാമത്തെ താരമാണ് പ്രഭാത് ജയസൂര്യ. മത്സരത്തിന്റെ ആദ്യ ദിനത്തിലുണ്ടായ വാക്കുതര്‍ക്കത്തിന് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജൈസ്വാളും ശ്രീലങ്കന്‍ പേസര്‍ അസിത ഫെര്‍ണാഡോയും മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഓരോ ഡിമെറിറ്റ് പോയിന്റും ശിക്ഷയായി ഏറ്റുവാങ്ങിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍; ഇന്ത്യയെ എഴുതിത്തള്ളാനാവില്ലെന്ന് രാഹുല്‍ ദ്രാവിഡ്
യശസ്വി സ്വാളും അസിത ഫെര്‍ണാഡോയും തമ്മിലുള്ള വാക്‌പോര്; ഐസിസിയുടെ പ്രസ്താവനയ്‌ക്കെതിരെ പുതിയ ദൃശ്യങ്ങള്‍