ടി20 ലോകകപ്പ്: അക്കീല്‍ ഹൊസൈന്‍റെ കൈകളില്‍ വിരിഞ്ഞത് എക്കാലത്തെയും മികച്ച റിട്ടേണ്‍ ക്യാച്ച്? വീഡിയോ

By Web TeamFirst Published Oct 23, 2021, 10:10 PM IST
Highlights

ക്രിക്കറ്റ് പ്രേമികളുടെ കണ്ണ് തള്ളിച്ച് അക്കീല്‍ ഹൊസൈന്‍റെ അത്ഭുത ക്യാച്ച്. അതുമൊരു റിട്ടേണ്‍ ക്യാച്ച്. 

ദുബായ്: ടി20 ലോകകപ്പില്‍(ICC T20 World Cup 2021) ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ്(ENG vs WI) സൂപ്പര്‍ 12 മത്സരത്തില്‍ പിറന്നത് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച റിട്ടേണ്‍ ക്യാച്ചുകളിലൊന്ന്. ഇംഗ്ലീഷ് വെടിക്കെട്ട് വീരന്‍ ലയാം ലിവിംഗ്‌സ്റ്റണെ(Liam Livingstone) പുറത്താക്കാന്‍ അക്കീല്‍ ഹൊസൈനാണ്(Akeal Hosein) ഒരുവേള മിന്നല്‍പ്പിണറായത്. 

ദുബായില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 14.2 ഓവറില്‍ വെറും 55 റണ്‍സില്‍ പുറത്തായിരുന്നു. ഇംഗ്ലണ്ട് പോലൊരു വമ്പന്‍ ടീമിനോട് ഇത്ര കുഞ്ഞന്‍ സ്‌കോര്‍ പ്രതിരോധിക്കാനിറങ്ങിയ വിന്‍ഡീസ് ശക്തമായ ഫീല്‍ഡിംഗ് പദ്ധതികളൊരുക്കി. ഇതിന്‍റെ പ്രയോജനം തുടക്കത്തിലെ ടീമിന് ലഭിക്കുകയും ചെയ്തു. ഇതിനിടെയാണ് ക്രിക്കറ്റ് പ്രേമികളുടെ കണ്ണ് തള്ളിച്ച് അക്കീല്‍ ഹൊസൈന്‍ അത്ഭുത ക്യാച്ചിനുടമായത്. 

Hosein, what have you done? 😲

He takes a stunner to dismiss Livingstone! | | https://t.co/bO59jyDrzE pic.twitter.com/0ZZbRvtTzB

— T20 World Cup (@T20WorldCup)

ഏഴാം ഓവറില്‍ അക്കീല്‍ പന്തെറിയാനെത്തുമ്പോള്‍ 39-3 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ആദ്യ പന്തില്‍ സ്‌‌ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ച ലിവിംഗ്‌സ്റ്റണ്‍ ഒട്ടും പ്രതീക്ഷിച്ചുകാണില്ല ആ രംഗം. ലോകോത്തരം എന്ന് മാത്രം വിശേഷിക്കാവുന്ന രീതിയില്‍ മുഴുനീള ഡൈവിംഗിലൂടെ ഇടംക്കൈയില്‍ പന്ത് ഹൊസൈന്‍ പിടിയിലൊതുക്കി. സന്തോഷം കൊണ്ട് ഓടിച്ചാടുകയായിരുന്നു അക്കീല്‍. അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ പുനപരിശോധന പോലും ലിവിംഗ്‌സ്റ്റണിന്‍റെ രക്ഷയ്‌ക്കെത്തിയില്ല. രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമായി ലിവിംഗ്‌സ്റ്റണിന്‍റെ സമ്പാദ്യം.

കാണാം ക്യാച്ച്- വീഡിയോ

നാല് വിക്കറ്റുമായി ആദില്‍ റഷീദും രണ്ട് പേരെ വീതം പുറത്താക്കി മൊയീന്‍ അലിയും ടൈമല്‍ മില്‍സും ഓരോ വിക്കറ്റുമായി ക്രിസ് വോക്‌സും ക്രിസ് ജോര്‍ദാനുമായാണ് വിന്‍ഡീസ് വെടിക്കെട്ട് വീരന്‍മാരെ 55 റണ്‍സില്‍ തളച്ചത്. 2.2 ഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങിയാണ് റഷീദിന്‍റെ നാല് വിക്കറ്റ് നേട്ടം. നാല് ഓവറില്‍ 17 റണ്‍സ് വീതം വിട്ടുകൊടുത്താണ് അലിയുടെയും മില്‍സിന്‍റേയും രണ്ട് വീതം വിക്കറ്റുകള്‍. 

വിന്‍ഡീസ് നിരയില്‍ 13 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലാണ് ടോപ് സ്‌കോര്‍. ഗെയ്‌ല്‍ ഒഴികെ മറ്റാരും രണ്ടക്കം കണ്ടില്ല. ലെന്‍ഡി സിമ്മന്‍സ്(3), എവിന്‍ ലൂയിസ്(6), ഷിമ്രോന്‍ ഹെറ്റ്‌മയേര്‍(9), ഡ്വെയ്‌ന്‍ ബ്രാവോ(5), നിക്കോളാസ് പുരാന്‍(1), കീറോണ്‍ പൊള്ളാര്‍ഡ്(6), ആന്ദ്രേ റസല്‍(0), അക്കീല്‍ ഹൊസൈന്‍(6*), ഒബെഡ് മക്കോയ്(0), രവി രാംപോള്‍(3) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. 

മറുപടി ബാറ്റിംഗില്‍ നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തിയെങ്കിലും ഇംഗ്ലണ്ട് 8.2 ഓവറില്‍ ജയത്തിലെത്തി. ജേസണ്‍ റോയ്(11), ജോണി ബെയര്‍സ്റ്റോ(9), മൊയീന്‍ അലി(3) ലയാം ലിവിംഗ്‌സ്റ്റണ്‍(1) എന്നിവരാണ് പുറത്തായത്. ജോസ് ബട്‌ലര്‍ക്കൊപ്പം(24*), നായകന്‍ ഓയിന്‍ മോര്‍ഗന്‍(7*) പുറത്താകാതെ നിന്നു. ബെയര്‍സ്റ്റോയെ അക്കീല്‍ പുറത്താക്കിയതും റിട്ടേണ്‍ ക്യാച്ചിലായിരുന്നു. 

ടി20 ലോകകപ്പ്: 55 റണ്‍സില്‍ പടക്കക്കട ഹുദാ ഗവ! നാണക്കേടിന്‍റെ മൂന്ന് റെക്കോര്‍ഡുകളില്‍ വിന്‍ഡീസ്
 

click me!