കുഞ്ഞന്‍ സ്‌കോറില്‍ പുറത്തായി വെസ്റ്റ് ഇന്‍ഡീസ് ഇടംപിടിച്ചത് നാണക്കേടിന്‍റെ റെക്കോര്‍ഡുകളില്‍

ദുബായ്: ടി20 ലോകകപ്പില്‍(ICC T20 World Cup 2021) ഇംഗ്ലണ്ടിനെതിരെ(England) കുഞ്ഞന്‍ സ്‌കോറില്‍ പുറത്തായി വെസ്റ്റ് ഇന്‍ഡീസ്(West Indies) ഇടംപിടിച്ചത് നാണക്കേടിന്‍റെ മൂന്ന് റെക്കോര്‍ഡുകളില്‍. ദുബായില്‍ വിന്‍ഡീസ് വെറും 55 റണ്‍സില്‍ പുറത്തായപ്പോള്‍ ടി20 ലോകകപ്പ് ചരിത്രത്തില്‍ സ്ഥിരാംഗ രാജ്യത്തിന്‍റെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് പിറന്നത്. ടി20യില്‍ കരീബിയന്‍ പടയുടെ രണ്ടാമത്തെ കുറഞ്ഞ സ്‌കോര്‍ കൂടിയാണിത്. 2019ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെ 45 റണ്‍സില്‍ പുറത്തായതാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍. 

Scroll to load tweet…

നാണക്കേട് അവസാനിക്കുന്നില്ല...

മറ്റൊരു നാണക്കേട് കൂടി കീറോണ്‍ പൊള്ളാര്‍ഡിന്‍റെയും സംഘത്തിന്‍റേയും പേരിലായി. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏതെങ്കിലുമൊരു ടീമിന്‍റെ മൂന്നാമത്തെ കുറഞ്ഞ സ്‌കോറാണ് കരീബിയന്‍ ടീം ഇന്ന് എഴുതിച്ചേര്‍ത്തത്. ശ്രീലങ്കയ്‌ക്കെതിരെ 2014ല്‍ 39 റണ്‍സിലും ഇത്തവണ യോഗ്യതാ റൗണ്ടില്‍ 44 റണ്‍സിലും കീഴടങ്ങിയ നെതര്‍ലന്‍ഡ്‌സാണ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഐസിസിയിലെ അസോസിയേറ്റ് രാജ്യമാണ് നെതര്‍ലന്‍ഡ്‌സ്. 2014ല്‍ ലങ്കയ്‌ക്കെതിരെ 60 റണ്‍സില്‍ ന്യൂസിലന്‍ഡ് പുറത്തായതാണ് ലോകകപ്പ് ചരിത്രത്തിലെ നാലാമത്തെ കുറഞ്ഞ സ്‌കോര്‍. 

Scroll to load tweet…

നാല് വിക്കറ്റുമായി ആദില്‍ റഷീദും രണ്ട് പേരെ വീതം പുറത്താക്കി മൊയീന്‍ അലിയും ടൈമല്‍ മില്‍സും ഓരോ വിക്കറ്റുമായി ക്രിസ് വോക്‌സും ക്രിസ് ജോര്‍ദാനുമായാണ് വിന്‍ഡീസ് വെടിക്കെട്ട് വീരന്‍മാരെ 14.2 ഓവറില്‍ 55 റണ്‍സില്‍ തളച്ചത്. റഷീദ് 2.2 ഓവറില്‍ രണ്ട് റണ്‍സിനാണ് നാല് വിക്കറ്റ് കൊയ്‌തത്. നാല് ഓവറില്‍ 17 റണ്‍സ് വീതം വിട്ടുകൊടുത്താണ് അലിയുടെയും മില്‍സിന്‍റേയും രണ്ട് വീതം വിക്കറ്റുകള്‍. 

വിന്‍ഡീസ് നിരയില്‍ 13 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലാണ് ടോപ് സ്‌കോര്‍. ഗെയ്‌ല്‍ ഒഴികെ മറ്റാരും രണ്ടക്കം കണ്ടില്ല. ലെന്‍ഡി സിമ്മന്‍സ്(3), എവിന്‍ ലൂയിസ്(6), ഷിമ്രോന്‍ ഹെറ്റ്‌മയേര്‍(9), ഡ്വെയ്‌ന്‍ ബ്രാവോ(5), നിക്കോളാസ് പുരാന്‍(1), കീറോണ്‍ പൊള്ളാര്‍ഡ്(6), ആന്ദ്രേ റസല്‍(0), അക്കീല്‍ ഹൊസൈന്‍(6*), ഒബെഡ് മക്കോയ്(0), രവി രാംപോള്‍(3) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. 

ഒരൊറ്റ സിക്സര്‍, 55 റണ്‍സിന് പുറത്ത്, ഇംഗ്ലണ്ടിന് മുന്നില്‍ നാണംകെട്ട് വിന്‍ഡീസ്