സൂര്യോദയത്തില്‍ കിംഗ് കോലിയുടെ സിംഹാ‌സനം തെറിച്ചു; ട്വന്‍റി 20യില്‍ സ്‌കൈക്ക് പുതിയ റെക്കോര്‍ഡ്

By Web TeamFirst Published Feb 1, 2023, 4:26 PM IST
Highlights

ട്വന്‍റി 20 ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്‍റ് പേരിലുള്ള ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാന്‍റെ റെക്കോര്‍ഡിന് കനത്ത ഭീഷണി സൃഷ്‌ടിച്ചാണ് സൂര്യകുമാര്‍ യാദവിന്‍റെ പടയോട്ടം

ദുബായ്: ഐസിസി ട്വന്‍റി 20 റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ വിസ്‌മയ കുതിപ്പ് തുടരുന്ന സൂര്യകുമാര്‍ യാദവിന് മുന്നില്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് പഴങ്കഥ. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ മികവോടെ സൂര്യ ട്വന്‍റി 20 ചരിത്രത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്‍റിലെത്തി. സ്‌കൈക്ക് ഇപ്പോള്‍ 910 പോയിന്‍റുകളാണുള്ളത്. 2014 സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരായ മികവോടെ 897 റേറ്റിംഗ് പോയിന്‍റിലെത്തിയ ഇതിഹാസ താരം വിരാട് കോലിയുടെ റെക്കോര്‍ഡാണ് സൂര്യയുടെ കുതിപ്പിന് മുന്നില്‍ വഴിമാറിയത്. 

അതേസമയം ട്വന്‍റി 20 ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്‍റ് പേരിലുള്ള ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാന്‍റെ റെക്കോര്‍ഡിന് കനത്ത ഭീഷണി സൃഷ്‌ടിച്ചാണ് സൂര്യകുമാര്‍ യാദവിന്‍റെ പടയോട്ടം. ഒന്നാമതുള്ള മലാന് 915 റേറ്റിംഗ് പോയിന്‍റാണുള്ളത്. 2020 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് മലാന്‍ ഈ നേട്ടത്തിലെത്തിയത്. നാളിതുവരെ പിന്നീടാരും മലാന്‍റെ ഈ റെക്കോര്‍ഡിന് അരികില്‍ എത്തിയിരുന്നില്ല. 2018ല്‍ 900 റേറ്റിംഗ് പോയിന്‍റിലെത്തിയ ഓസീസിന്‍റെ ആരോണ്‍ ഫിഞ്ചാണ് എക്കാലത്തെയും മികച്ച റേറ്റിംഗ് പട്ടികയില്‍ മൂന്നാമത്. 897 പോയിന്‍റുമായി നിലവില്‍ നാലാമതാണ് വിരാട് കോലി. 

ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ബാറ്റര്‍മാരില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍ രണ്ടും ന്യൂസിലന്‍ഡിന്‍റെ ദേവോണ്‍ കോണ്‍വേ മൂന്നും പാക് നായകന്‍ ബാബര്‍ അസം നാലും സ്ഥാനങ്ങളില്‍ തുടരുന്നു. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല. ബൗളിംഗില്‍ ആദ്യ മൂന്ന് സ്ഥാനവും സ്‌പിന്നര്‍മാര്‍ക്കാണ്. അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ ഒന്നും ലങ്കയുടെ വനിന്ദു ഹസരങ്ക രണ്ടും ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ് മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ തലപ്പത്ത് തുടരുമ്പോള്‍ അഫ്‌ഗാനിസ്ഥാന്‍റെ മുഹമ്മദ് നബിയും ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.  

കരിയറിലെ ഏറ്റവും മികച്ച ടി20 റേറ്റിംഗില്‍ സൂര്യകുമാര്‍; ലോക റെക്കോര്‍ഡിന് കനത്ത ഭീഷണി

click me!