കരിയറിലെ ഏറ്റവും മികച്ച ടി20 റേറ്റിംഗില്‍ സൂര്യകുമാര്‍; ലോക റെക്കോര്‍ഡിന് കനത്ത ഭീഷണി

By Web TeamFirst Published Feb 1, 2023, 4:05 PM IST
Highlights

2020ല്‍ 915 റേറ്റിംഗ് പോയിന്‍റിലെത്തിയ ഡേവിഡ് മലാന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങുകയാണ് സൂര്യകുമാര്‍ യാദവ്

ദുബായ്: ഐസിസി ട്വന്‍റി 20 റാങ്കിംഗില്‍ തന്‍റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്‍റിലെത്തി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ന്യൂസിലന്‍ഡിന് എതിരെ റാഞ്ചിയില്‍ 47 റണ്‍സ് നേടിയ ഇന്നിംഗ്‌സോടെ സൂര്യയുടെ പോയിന്‍റ് 910ലെത്തി. രണ്ടാം മത്സരത്തില്‍ പുറത്താവാതെ 26 റണ്‍സും സൂര്യ നേടിയിരുന്നു. ഇന്ന് അഹമ്മദാബാദില്‍ നടക്കുന്ന അവസാന ട്വന്‍റി 20യില്‍ തിളങ്ങിയാല്‍ സൂര്യകുമാറിന് ട്വന്‍റി 20 ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്‍റിലേക്ക് ഉയരാനുള്ള അവസരമുണ്ട്. 

2020ല്‍ 915 റേറ്റിംഗ് പോയിന്‍റിലെത്തിയ ഡേവിഡ് മലാന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങുകയാണ് സൂര്യകുമാര്‍ യാദവ്. പുരുഷ ട്വന്‍റി 20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്‍റാണ് മലാന്‍റെ പേരിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ 239 റണ്‍സ് നേടിയതോടെയാണ് ടി20 ബാറ്റര്‍മാരില്‍ സൂര്യ തലപ്പത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ടി20 ബാറ്റര്‍ക്കുള്ള ഐസിസിയുടെ പുരസ്‌കാരം ഇതോടെ സ്‌കൈ സ്വന്തമാക്കിയിരുന്നു. പുതിയ റാങ്കിംഗില്‍ സൂര്യകുമാര്‍ യാദവിന്‍റെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല.

അതേസമയം സൂര്യകുമാര്‍ യാദവ് ഒന്നാംസ്ഥാനത്ത് തുടരുമ്പോഴും ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ക്ക് റാങ്കിംഗില്‍ ഉയര്‍ച്ചയുണ്ട്. എട്ട് സ്ഥാനങ്ങളുയര്‍ന്ന ഓപ്പണര്‍ ഫിന്‍ അലന്‍ പത്തൊമ്പതാമെത്തി. 9 സ്ഥാനങ്ങളുയര്‍ന്ന് ഡാരില്‍ മിച്ചല്‍ 29ലേക്ക് ചേക്കേറി. റാഞ്ചിയിലെ അര്‍ധ സെഞ്ചുറിയാണ് മിച്ചലിന് തുണയായത്. പരമ്പരയില്‍ തിളങ്ങുന്ന കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്‌നറിനും റാങ്കിംഗില്‍ മെച്ചമുണ്ട്. ബൗളര്‍മാരില്‍ രണ്ട് സ്ഥാനങ്ങളുയര്‍ന്ന് സാന്‍റ്‌നര്‍ 9ലെത്തിയപ്പോള്‍ ഓള്‍റൗണ്ടര്‍മാരില്‍ അഞ്ച് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി 23ലെത്തി. 

ബാറ്റര്‍മാരില്‍ പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍ രണ്ടും ന്യൂസിലന്‍ഡിന്‍റെ ദേവോണ്‍ കോണ്‍വേ മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു. പാക് നായകന്‍ ബാബര്‍ അസമാണ് നാലാമത്. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല. ബൗളിംഗില്‍ ആദ്യ മൂന്ന് സ്ഥാനവും സ്‌പിന്നര്‍മാര്‍ക്കാണ്. അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ ഒന്നും ലങ്കയുടെ വനിന്ദു ഹസരങ്ക രണ്ടും ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ് മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 അവന്‍റെ കരിയറില്‍ ഏറെ നിര്‍ണായകം; ഇന്ത്യന്‍ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

 

 

click me!