
ദുബായ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ(SA vs IND) തോല്‍വിയും ക്യാപ്റ്റനായിരുന്ന വിരാട് കോലിയുടെ(Virat Kohli) അപ്രതീക്ഷിത പടിയിറക്കവും കാരണം സമ്മര്‍ദ്ദത്തിലായ ഇന്ത്യന്‍ ടീമിന് ഐസിസി ടെസ്റ്റ് റാങ്കിംഗിലും(ICC Test Ranking) വമ്പന്‍ തിരിച്ചടി. പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി ഓസ്ട്രേലിയ(Australian Team) ഒന്നാം സഥാനം തിരിച്ചുപിടിച്ചു.
ആഷസില്‍ ഇംഗ്ലണ്ടിനെതിരെ 4-0 ജയം സ്വന്തമാക്കിയതാണ് ഓസ്ട്രേലിയയെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയശേഷം 2-1ന് പരമ്പര കൈവിട്ട ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീണു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര സമനിലയാക്കിയ ന്യൂസിലന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്.
119 റേറ്റിംഗ് പോയന്‍റുമായാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 117 റേറ്റിംഗ് പോയന്‍റും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 116 റേറ്റിംഗ് പോയന്‍റുമാണുള്ളത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ തമ്മില്‍ റേറ്റിംഗ് പോയന്‍റില്‍ മൂന്ന് പോയന്‍റ് വ്യത്യാസമാണുള്ളതെങ്കില്‍ നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 101 റേറ്റിംഗ് പോയന്‍റ് മാത്രമാണുള്ളത്.
ഇന്ത്യക്കെതിരായ പരമ്പര നേടിയെങ്കിലും ദക്ഷിണാഫ്രിക്ക 99 റേറ്റിംഗ് പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുമ്പ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഫെബ്രുവരിയില്‍ റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള ശ്രീലങ്കയുമാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!