
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍(ICC Test Rankings) നേട്ടം കൊയ്ത് ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോ റൂട്ട്(Joe Root). ഏറ്റവും പുതിയ റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി റൂട്ട് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഉജ്ജ്വല സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചതാണ് റൂട്ടിന്‍റെ കുതിപ്പിന് കാരണം. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി 115 റണ്‍സടിച്ച റൂട്ട് പതിനായിരം റണ്‍സ് ക്ലബ്ബിലും എത്തിയിരുന്നു.
ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുപടെ മാര്‍നസ് ലാബുഷെയ്നുമായി 10 റേറ്റിംഗ് പോയന്‍റിന്‍റെ വ്യത്യാസം മാത്രമാണ് റൂട്ടിനുള്ളത്. ലാബുഷെയ്ന് 892 റേറ്റിംഗ് പോയന്‍റും റൂട്ടിന് 882 റേറ്റിംഗ് പോയന്‍റുമുണ്ട്. 845 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് മൂന്നാം സ്ഥാനത്ത്. ബാബര്‍ അസം നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി.
ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി ആദ്യ പത്തില്‍ സ്ഥാനം നിലനിര്‍ത്തി. പത്താ സ്ഥാനത്താണ് കോലി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എട്ടാം സ്ഥാനത്താണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് പതിനൊന്നാം സ്ഥാനം നിലനിര്‍ത്തി.
ടെസ്റ്റ് ബൗളര്‍മാരില്‍ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ രണ്ടാമതും ജസ്പ്രീത് ബുമ്ര ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്തുമാണ്. ന്യൂസിലന്‍ഡിന്‍റെ കെയ്ല്‍ ജയ്മിസണാണ് മൂന്നാം സ്ഥാനത്ത്.അതേസമയം, ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയുടെ തന്നെ ആര്‍ അശ്വിനാണ് രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍ മൂന്നാം സ്ഥാനത്താണ്.