ഐസിസി റാങ്കിംഗ്: പുതുവര്‍ഷത്തിലും കോലി ഒന്നാമന്‍; ചരിത്രനേട്ടവുമായി ലാബുഷെയ്ന്‍

By Web TeamFirst Published Jan 8, 2020, 5:00 PM IST
Highlights

പാക്കിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ മൂന്നാം സ്ഥാനത്തേക്ക് കയറി.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പുതുവര്‍ഷത്തിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 928 റേറ്റിംഗ് പോയന്റുമായാണ് കോലി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സെഞ്ചുറിയൊന്നും നേടാനാവാഞ്ഞ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 913 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്താണ്.

അതേസമയം, പാക്കിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ മൂന്നാം സ്ഥാനത്തേക്ക് കയറി. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ലാബുഷെയ്നിന്റെ നേട്ടം.

ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ആറാം സ്ഥാനത്തേക്ക് വീണു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ പുതിയ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തായി. മായങ്ക് അഗര്‍വാള്‍ പതിമൂന്നാം സ്ഥാനത്തും രോഹിത് ശര്‍മ പതിനാലാം സ്ഥാനത്തുമാണ്.

ബൗളിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നറാണ് രണ്ടാം സ്ഥാനത്ത്. വെസ്റ്റ്  ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ മൂന്നാമതും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ നാലാമതുമാണ്. ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ആറാം സ്ഥാനത്ത് തുടരുമ്പോള്‍ അശ്വിന്‍ ഒമ്പതാം സ്ഥാനത്തും മുഹമ്മദ് ഷമി പത്താമതുമാണ്. ഇഷാന്ത് ശര്‍മ പത്തൊമ്പതാം സ്ഥാനത്തും ഉമേഷ് യാദവ് 21-ാം സ്ഥാനത്തുമാണ്.

click me!