2028 ഒളിംപിക്സില്‍ ക്രിക്കറ്റും ഉണ്ടായേക്കും; ശ്രമങ്ങള്‍ ആരംഭിച്ചു

By Web TeamFirst Published Aug 10, 2021, 4:56 PM IST
Highlights

1900 പാരീസ് ഒളിംപിക്സില്‍ ക്രിക്കറ്റ് ഒരു ഇനമായിരുന്നു. എന്നാല്‍ പിന്നീട് അത് ഒഴിവാക്കി. ആ വിടവ് നികത്താനും 128 കൊല്ലത്തിന് ശേഷം ക്രിക്കറ്റിന്‍റെ ഒളിംപിക്സിലേക്കുള്ള മടങ്ങിവരവിനുമാണ് ഐസിസി ശ്രമം നടത്തുന്നത്.

ദുബായി: ലോക കായിക മാമാങ്കമായ ഒളിംപിക്സില്‍ ക്രിക്കറ്റും ഉള്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചു. ലോസ് അഞ്ചലസില്‍ 2028 ല്‍ തീരുമാനിച്ച ഒളിംപിക്സിലാണ് ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ ഔദ്യോഗികമായി ശ്രമം ആരംഭിച്ചു. ഇതിനായി ഒരു പ്രവര്‍ത്തന സമിതിയെ ഐസിസി നിയമിച്ചുവെന്നാണ് ഔദ്യോഗിക പത്രകുറിപ്പില്‍ അറിയിക്കുന്നത്.

1900 പാരീസ് ഒളിംപിക്സില്‍ ക്രിക്കറ്റ് ഒരു ഇനമായിരുന്നു. എന്നാല്‍ പിന്നീട് അത് ഒഴിവാക്കി. ആ വിടവ് നികത്താനും 128 കൊല്ലത്തിന് ശേഷം ക്രിക്കറ്റിന്‍റെ ഒളിംപിക്സിലേക്കുള്ള മടങ്ങിവരവിനുമാണ് ഐസിസി ശ്രമം നടത്തുന്നത്. അമേരിക്കയില്‍ ക്രിക്കറ്റ് ആരാധകരായ 30 ലക്ഷം പേര്‍ ഉണ്ടെന്നാണ് ഐസിസി അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ 2028 ഒളിംപിക്സ് ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പ്പെടുത്താനുള്ള മികച്ച വേദിയാണ് എന്നാണ് ഐസിസി പറയുന്നത്.

2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അന്താരാഷ്ട്ര കായിക വേദിയില്‍ ക്രിക്കറ്റ് പുതുമയല്ലെന്നും ഐസിസി പറയുന്നു. കായിക രംഗത്തിന് വലിയ ഉത്തേജനമാണ് ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്നതെന്ന് ഐസിസി വ്യക്തമാക്കി. 

ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇയാന്‍ വാട്ട്മോറാണ് ഐസിസിയുടെ ഒളിംപിക്സ് വര്‍ക്കിംഗ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. ഐസിസി സ്വതന്ത്ര്യ ഡയറക്ടര്‍ ഇന്ദ്ര നൂയി അടക്കം അഞ്ച് അംഗങ്ങള്‍ സമിതിയിലുണ്ട്. ക്രിക്കറ്റിനെ ലോസ് അഞ്ചിലോസ് ഗെയിംസില്‍ ഉള്‍പ്പെടുത്തിയാല്‍ ക്രിക്കറ്റിന്‍റെ അമേരിക്കയിലെ വികാസത്തിനും അത് ഗുണം ചെയ്യുമെന്നാണ് ഐസിസി പ്രതീക്ഷിക്കുന്നത്.

click me!