ICC U19 World Cup: ഇന്ത്യക്ക് കനത്ത തിരിച്ചടി, ക്യാപ്റ്റനടക്കം 6 കളിക്കാര്‍ക്ക് കൊവിഡ്

Published : Jan 19, 2022, 11:02 PM IST
ICC U19 World Cup: ഇന്ത്യക്ക് കനത്ത തിരിച്ചടി, ക്യാപ്റ്റനടക്കം 6 കളിക്കാര്‍ക്ക് കൊവിഡ്

Synopsis

കളിക്കാരെ നിര്‍ബന്ധിത ഐസോലേഷനിലേക്ക് മാറ്റിയതോടെ ഇന്ന് നടന്ന അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇല്ലാതെയാണ് ഇന്ത്യയിറങ്ങിയത്. ദുള്ളിന്‍റെ അഭാവത്തില്‍ നിഷാന്ത് സിന്ധുവാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയെ നയിച്ചത്.

ആന്‍റിഗ്വ: വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍(ICC U19 World Cup 2022) പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്(Team India) കനത്ത തിരിച്ചടി. നായകന്‍ യാഷ് ദുള്ളും(Yash Dhull) വൈസ് ക്യാപ്റ്റന്‍ എസ് കെ റഷീദും(SK Rasheed) അടക്കം ടീമിലെ ആറ് കളിക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇരുവര്‍ക്കും പുറമെ സിദ്ധാര്‍ത്ഥ് യാദവ്, ആരാധ്യ യാദവ് എന്നിവര്‍ പൊസറ്റീവാവുകയും മാനവ് പ്രകാശും വാസു വാറ്റ്സും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. മാനവ് പ്രകാശിന്‍റെയും വാസു വാറ്റ്സിന്‍റെയും ആര്‍ടിപിസിആര്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.

കളിക്കാരെ നിര്‍ബന്ധിത ഐസോലേഷനിലേക്ക് മാറ്റിയതോടെ ഇന്ന് നടന്ന അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇല്ലാതെയാണ് ഇന്ത്യയിറങ്ങിയത്. ദുള്ളിന്‍റെ അഭാവത്തില്‍ നിഷാന്ത് സിന്ധുവാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയെ നയിച്ചത്.

17 അംഗ ടീമിലെ ആറ് കളിക്കാര്‍ കൊവിഡ് ബാധിതരായതോടെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യ അന്തിമ ഇലവനെ തികക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ പാടുപെട്ടു. അയര്‍ലന്‍ഡിനെതിരായ ഇന്നത്തെ മത്സരത്തിന് മുന്നോടിയായി നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് ആറ് കളിക്കാര്‍ കൊവിഡ് പൊസറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

കളിക്കാര്‍ ഐസൊലേഷനില്‍ തുടരുമെന്നും ബിസിസിഐയുടെ മെഡിക്കല്‍ സംഘം സ്ഥിതിഗതികള്‍ നീരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. അന്തിമ ഇലവനെ കളത്തിലിറക്കാന്‍ പാടുപെട്ടെങ്കിലും അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സടിച്ചു. ആംഗ്രിഷ് രഘുവംശി(79), ഹര്‍നൂര്‍ സിംഗ്(88), രാജ് ബാവ(42), രാജ്വര്‍ധന്‍ ഹങ്കരേക്കര്‍(39), ക്യാപ്റ്റന്‍ നിഷാന്ത് സിന്ധു(36) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്കോറുര്‍ത്തിയത്.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ