
പൊച്ചെഫെസ്ട്രൂം: ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെ കൂറ്റന്‍ ജയവുമായാണ് ടീം ഇന്ത്യ സെമിയിലെത്തിയത്. പൊച്ചെഫെസ്ട്രൂവില്‍ 74 റണ്‍സിനായിരുന്നു ഇന്ത്യന്‍ കൗമാരപടയുടെ ജയം. ഇതോടെ തകര്‍പ്പന്‍ റെക്കോര്‍ഡ് ഇന്ത്യന്‍ ടീമിന് സ്വന്തമായി.
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്‍റെ ചരിത്രത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ മത്സരം വിജയിക്കുന്ന ടീമെന്ന നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. ലോകകപ്പില്‍ തുടര്‍ച്ചയായ 10-ാം വിജയമാണ് ഇന്നത്തേത്. 2002-2004 കാലഘട്ടത്തിലായി ഒന്‍പത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡാണ് നീലപ്പട തകര്‍ത്തത്.
കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍(2018) പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ വിജയിച്ച് കപ്പുയര്‍ത്തിയിരുന്നു. ഇത്തവണ നാലു മത്സരങ്ങളും തുടര്‍ച്ചയായി ജയിച്ചു. ഇതില്‍ ആദ്യ ജയവും പത്താം ജയവും ഓസീസിനെതിരെയായിരുന്നു എന്നത് മറ്റൊരു കൗതുകം.
സെമിപ്രവേശം ആവേശജയവുമായി
ഇന്ത്യ മുന്നോട്ടുവെച്ച 234 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 159 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഇന്ത്യ-233/9 (50.0), ഓസ്‌ട്രേലിയ-159. ഓപ്പണര്‍ യശസ്വി ജയ്‍സ്വാളാണ്(62) ഇന്ത്യയുടെ ടോപ് സ്‌കോറർ. അങ്കോൽകറിന്റെയും(55*) രവി ബിഷ്‌ണോയിയുടെയും(30) പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗില്‍ മുന്‍നിരയെ കാര്‍ത്തിക് ത്യാഗിയും വാലറ്റത്തെ ആകാശ് സിംഗും ചുരുട്ടിക്കെട്ടിയതോടെ ഓസീസ് 159ല്‍ പുറത്താവുകയായിരുന്നു. എട്ട് ഓവര്‍ എറിഞ്ഞ കാര്‍ത്തിക് ത്യാഗി 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി. ആകാശ് സിംഗ് മൂന്നും ബിഷ്‌ണോയ് ഒരു വിക്കറ്റും നേടി. ത്യാഗിയാണ് കളിയിലെ താരം.
Read more: അണ്ടര്‍ 19 ലോകകപ്പ്: കങ്കാരുക്കളെ എറിഞ്ഞിട്ടു; ത്രസിപ്പിക്കുന്ന ജയവുമായി ഇന്ത്യ സെമിയില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!