അണ്ടര്‍ 19 ലോകകപ്പ്: കങ്കാരുക്കളെ എറിഞ്ഞിട്ടു; ത്രസിപ്പിക്കുന്ന ജയവുമായി ഇന്ത്യ സെമിയില്‍

By Web TeamFirst Published Jan 28, 2020, 9:24 PM IST
Highlights

മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയക്ക് ആദ്യ പന്തില്‍ പ്രഹരമേല്‍പിച്ചാണ് ഇന്ത്യന്‍ പേസര്‍ കാര്‍ത്തിക് ത്യാഗി തുടങ്ങിയത്

പൊച്ചെഫെസ്ട്രൂം: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സെമിയില്‍. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 74 റണ്‍സിനാണ് നീലപ്പട തോല്‍പിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 234 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 159 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഇന്ത്യ-233/9 (50.0), ഓസ്‌ട്രേലിയ-159. ഓസീസ് മുന്‍നിരയെ തകര്‍ത്ത കാര്‍ത്തിഗ് ത്യാഗിയാണ് മാന്‍ ഓഫ്‌ ദ് മാച്ച്. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒൻപത് വിക്കറ്റിനാണ് 233 റൺസെടുത്തത്. 62 റൺസെടുത്ത ഓപ്പണര്‍ യശസ്വി ജയ്‍സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. മധ്യനിര ബാറ്റ്സ്‌മാൻമാർ തകർന്നടിഞ്ഞപ്പോൾ ഇന്ത്യ 200 കടക്കുമോയെന്ന് സംശയിച്ചു. എന്നാൽ അങ്കോൽകറിന്റെയും രവി ബിഷ്‌ണോയിയുടെയും പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അങ്കോൽകർ 55 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ബിഷ്‌ണോയ് 30 റൺസെടുത്ത് മടങ്ങി. 

മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയക്ക് ആദ്യ പന്തില്‍ പ്രഹരമേല്‍പിച്ചാണ് ഇന്ത്യന്‍ പേസര്‍ കാര്‍ത്തിക് ത്യാഗി തുടങ്ങിയത്. ആദ്യ പന്തില്‍ ഓപ്പണര്‍ ജെയ്‌ക്കിനെ ജുരേല്‍-സക്‌സേന സഖ്യം റണ്‍ഔട്ടാക്കി. നാലാം പന്തില്‍ നായകന്‍ ഹാര്‍വിയെ എല്‍ബിയില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ ലച്ച്‌ലാം ബൗള്‍ഡ്. ഇതോടെ ഓസീസ് ആദ്യ ഓവറില്‍ 4-3. ഇതോടെ തകര്‍ന്നടിഞ്ഞ ഓസീസിനെ സാം ഫാന്നിംഗിന്‍റെ ഇന്നിംഗ്‌സാണ്(75) കരകയറ്റിയത്. മധ്യനിരയില്‍ സ്‌കോട്ടും(35), പാട്രിക്കും(21) സ്‌കോര്‍ 100 കടത്തുന്നതില്‍ നിര്‍ണായകമായി. 

വാലറ്റവും പൊരുതാതിരുന്നതോടെ ഓസീസ് 43.3 ഓവറില്‍ 159ല്‍ പുറത്തായി. എട്ട് ഓവര്‍ എറിഞ്ഞ കാര്‍ത്തിക് ത്യാഗി 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി. ആകാശ് സിംഗ് മൂന്നും ബിഷ്‌ണോയ് ഒരു വിക്കറ്റും നേടി. 

click me!