
ആന്‍റിഗ്വ: അണ്ടര്‍ 19 ലോകകപ്പിലെ (ICC Under 19 World Cup 2022) പുത്തന്‍ താരോദയമാണ് ഇന്ത്യയുടെ (India U19) രവി കുമാര്‍ (Ravi Kumar). മികച്ച ഇടംകൈയന്‍ പേസര്‍ക്കായുള്ള ടീം ഇന്ത്യയുടെ അന്വേഷണം രവി കുമാറിലൂടെ അവസാനിക്കുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് വിദഗ്ധര്‍.
610 അന്താരാഷ്ട്ര വിക്കറ്റുകള്‍ വീഴ്ത്തിയ സഹീര്‍ ഖാന്‍ വിരമിച്ചത് മുതൽ എല്ലാ ഫോര്‍മാറ്റിലും മികവുകാട്ടുന്ന ഇടംകൈയന്‍ പേസര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ജയ്ദേവ് ഉനദ്‌കട്ടും ഖലീൽ അഹമ്മദും ബരീന്ദര്‍ സ്രാനും ടി നടരാജനും ഒക്കെ ടീമിലെത്തിയെങ്കിലും പല കാരണങ്ങളാല്‍ നീലപ്പടയിൽ നിന്ന് പുറത്തുപോയി. ഇന്ത്യന്‍ പേസ് ആക്രമണം ചിലപ്പോഴെങ്കിലും ഒരേ ശൈലിയിൽ ഉള്ളതാണെന്ന ആക്ഷേപം ഉയരുമ്പോഴാണ് രവി കുമാര്‍ എന്ന 18കാരന്‍ പുതിയ പ്രതീക്ഷയാകുന്നത്.
വെസ്റ്റ് ഇന്‍ഡീസിലെ സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ രവി കുമാര്‍ അണ്ടര്‍ 19 ലോകകപ്പിലും മികവ് ആവര്‍ത്തിച്ചു. ക്വാര്‍ട്ടറിലെ ആദ്യ സ്പെല്ലിൽ തന്നെ ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റ്. ഏഴ് ഓവറില്‍ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറിനെ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ അടക്കമുള്ളവര്‍ അഭിനന്ദിച്ചു. രവി കുമാര്‍ തന്നെയായിരുന്നു ക്വാര്‍ട്ടറിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും.
രവി കുമാര്‍ തിളങ്ങിയ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 112 റണ്‍സിന്‍റെ വിജയലക്ഷ്യം 115 പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 65 പന്തില്‍ 44 റണ്‍സെടുത്ത ഓപ്പണര്‍ ആങ്ക്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയാണ് ബംഗ്ലാദേശ് ചാമ്പ്യന്‍മാരായത്. ഈ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ ജയം.
ICC U19 World Cup 2022 : ചാമ്പ്യന്‍മാരോട് മധുരപ്രതികാരം; ബംഗ്ലാദേശിനെ വീഴ്‌ത്തി ഇന്ത്യ സെമിയില്‍