
മസ്‌കറ്റ്: വിരമിച്ച താരങ്ങള്‍ മത്സരിച്ച പ്രഥമ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ (Legends League Cricket 2022) വേള്‍ഡ് ജയന്‍റ്സ് (World Giants) കിരീടം നേടി. ഒമാനില്‍ നടന്ന ഫൈനലില്‍ ഏഷ്യ ലയൺസിനെ (Asia Lions) 25 റൺസിനാണ് തോൽപ്പിച്ചത്. വെടിക്കെട്ട് ബാറ്റിംഗുമായി കോറി ആന്‍ഡേഴ്‌സണ്‍ (Corey Anderson) ഫൈനലിലെയും മോണി മോര്‍ക്കല്‍ (Morne Morkel) ടൂര്‍ണമെന്‍റിന്‍റേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.
വിജയലക്ഷ്യമായ 257 റൺസ് പിന്തുടര്‍ന്ന ഏഷ്യന്‍ ടീം 231 റൺസിന് പുറത്തായി. സനത് ജയസൂര്യ 23 പന്തില്‍ 38ഉം മുഹമ്മദ് യൂസഫ് 21 പന്തില്‍ 39ഉം തിലകരത്‌നെ ദില്‍ഷന്‍ 16 പന്തില്‍ 25ഉം നായകന്‍ മിസ്ബ ഉള്‍ ഹഖ് മൂന്ന് പന്തില്‍ രണ്ടും റൺസെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആൽബി മോര്‍ക്കലാണ് ഏഷ്യയെ തകര്‍ത്തത്. മോണ്ടി പനേസര്‍ രണ്ടും കെവിന്‍ പീറ്റേഴ്‌സണും മോണി മോര്‍ക്കലും സൈഡ്‌ബോട്ടമും ഓരോ വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത വേള്‍ഡ് ജയന്‍റ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 256 റൺസ് നേടി. 43 പന്തില്‍ എട്ട് സിക്സര്‍ അടക്കം പുറത്താകാതെ 94 റൺസെടുത്ത കോറി ആന്‍ഡേഴ്സൺ ആണ് ടോപ്സ്കോറര്‍. ഓപ്പണര്‍ കെവിന്‍ പീറ്റേഴ്‌സൺ 22 പന്തില്‍ 48ഉം നായകന്‍ ഡാരന്‍ സമി 17 പന്തിൽ 38ഉം ബ്രാഡ് ഹാഡിന്‍ 16 പന്തില്‍ 37ഉം റൺസ് നേടി. ഇന്ത്യ മഹാരാജാസ് ഫൈനല്‍ കാണാതെ പുറത്തായിരുന്നു.
ICC U19 World Cup 2022 : ചാമ്പ്യന്‍മാരോട് മധുരപ്രതികാരം; ബംഗ്ലാദേശിനെ വീഴ്‌ത്തി ഇന്ത്യ സെമിയില്‍