ICC U19 World Cup 2022 : ചാമ്പ്യന്‍മാരോട് മധുരപ്രതികാരം; ബംഗ്ലാദേശിനെ വീഴ്‌ത്തി ഇന്ത്യ സെമിയില്‍

Published : Jan 30, 2022, 08:09 AM ISTUpdated : Jan 30, 2022, 08:37 AM IST
ICC U19 World Cup 2022 : ചാമ്പ്യന്‍മാരോട് മധുരപ്രതികാരം; ബംഗ്ലാദേശിനെ വീഴ്‌ത്തി ഇന്ത്യ സെമിയില്‍

Synopsis

കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയാണ് ബംഗ്ലാദേശ് ചാമ്പ്യന്‍മാരായത്

ആന്‍റിഗ്വ: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ (ICC Under 19 World Cup 2022) നിലവിലെ ചാമ്പ്യന്‍മാരായ ബംഗ്ലാദേശിനെ (Bangladesh U19) അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ (India U19) സെമിയിലെത്തി. ക്വാര്‍ട്ടറില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 112 റണ്‍സിന്‍റെ വിജയലക്ഷ്യം 115 പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 65 പന്തില്‍ 44 റണ്‍സെടുത്ത ഓപ്പണര്‍ ആങ്ക്രിഷ് രഘുവംശിയാണ് (Angkrish Raghuvanshi) ഇന്ത്യയുടെ ടോപ് സ്കോറര്‍.

കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയാണ് ബംഗ്ലാദേശ് ചാമ്പ്യന്‍മാരായത്. ഈ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ ജയം. സ്കോര്‍- ബംഗ്ലാദേശ് 37.1 ഓവറില്‍ 111ന് ഓള്‍ഔട്ട്, ഇന്ത്യ- 30.5 ഓവറില്‍ 117/5. അടുത്ത മാസം രണ്ടിന് നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെ ഇംഗ്ലണ്ട് നേരിടും.

ബംഗ്ലാദേശിന്‍റെ ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. ഓപ്പണര്‍ ഹര്‍നൂര്‍ സിംഗിനെ സ്കോര്‍ ബോര്‍ഡില്‍ റണ്‍സെത്തും മുമ്പെ രണ്ടാം ഓവറില്‍ ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ ആംഗ്രിഷ് രഘുവംശിയും വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരകയറ്റി. അര്‍ധസെഞ്ചുറിക്ക് മുമ്പെ രഘുവംശിയും തൊട്ടുപിന്നാലെ ഷെയ്ഖ് റഷീദും(26) മടങ്ങി. സിദ്ധാര്‍ഥ് യാദവ്(6), രാജ് ബാവ(0) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. എന്നാല്‍ ക്യാപ്റ്റന്‍ യാഷ് ദുള്ളും(20*), കൗശല്‍ താംബെയും(11*) ചേര്‍ന്ന് ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഇടംകൈയന്‍ പേസര്‍ രവി കുമാറും ഇടംകൈയന്‍ സ്പിന്നര്‍ വിക്കി ഓട്സ്വാളും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. രവി കുമാര്‍ ഏഴോവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍  ഓട്സ്വാള്‍ ഒമ്പതോവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. എട്ടാമനായി ക്രീസിലെത്തി 30 റണ്‍സെടുത്ത മെഹറോബാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ഐച്ച് മൊല്ല(17), ആഷിഖുര്‍ സമന്‍(16) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് രണ്ടുപേര്‍.

56-7ലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശിനെ എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ മെഹറോബ്-സമന്‍ സഖ്യമാണ് 100 കടത്തിയത്. ഇന്ത്യയുടെ രവി കുമാറാണ് കളിയിലെ താരം. 

കണ്ണുംപൂട്ടിയൊരു സിക്സ്; റാഷിദ് ഖാന്‍റെ സിക്സ് കണ്ട് കണ്ണുതള്ളി ആരാധകര്‍

PREV
click me!

Recommended Stories

ശ്രീലങ്കക്കെതിരായ ടി20 പരമ്പര: ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു, സ്മൃതി മന്ദാന വൈസ് ക്യാപ്റ്റൻ, ഹര്‍മൻപ്രീത് ക്യാപ്റ്റൻ
ഇന്ത്യക്കായി കളിച്ചത് 12 ഏകദിനങ്ങള്‍, 9 ടി20, എന്നിട്ടും അണ്‍ ക്യാപ്‌ഡ് കളിക്കാരനായി ഐപിഎല്‍ ലേലത്തിന് ഇന്ത്യൻ താരം