
മെല്‍ബണ്‍: വനിതാ ട്വന്‍റി 20 ലോകകപ്പ് സെമിയില്‍ എത്തിയെങ്കിലും ആധികാരികമല്ല ഇന്ത്യന്‍ മുന്നേറ്റം. ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയെ ഞെട്ടിച്ച് തുടങ്ങിയ ഇന്ത്യ ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനും എതിരെ സമ്മര്‍ദത്തെ അതിജീവിച്ച് വിജയിച്ചു. എന്നാല്‍ കിരീടസാധ്യതയിൽ മുന്നിലുള്ള ടീമായി സെമി ഉറപ്പിക്കുമ്പോഴും ആശങ്കകള്‍ക്കും കുറവില്ല.
ഷെഫാലി ഇല്ലെങ്കില്‍ കഥ കഴിഞ്ഞേനേ...
മധ്യനിരയുടെ മോശം ഫോം ടീം ഇന്ത്യക്ക് തിരിച്ചടിയാണ്. ഷെഫാലി വര്‍മ്മ എന്ന പതിനാറുകാരി ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നതാണ് സംശയം. താരതമ്യേന കുറഞ്ഞ സ്‌കോര്‍ കണ്ട മത്സരങ്ങളില്‍ ഷെഫാലിയുടെ അതിവേഗ ഇന്നിംഗ്സുകള്‍ നിര്‍ണായകമായി. അതേസമയം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ തിളങ്ങുന്നതേയില്ല. ഹര്‍മന്‍പ്രീത് മൂന്ന് കളിയിലും ഒറ്റയക്കത്തിലാണ് പുറത്തായത്.
കരുതിയിരിക്കണം; ഓസീസ് കരുത്താര്‍ജിക്കുന്നു
മധ്യനിരയുടെ പ്രകടനം മെച്ചപ്പെടുത്തിയാൽ ഇന്ത്യയുടെ കിരീടസാധ്യത വര്‍ധിക്കും. ഓസ്‌ട്രേലിയ ഫോം വീണ്ടെടുക്കുന്ന സൂചനകള്‍ നൽകുക കൂടി ചെയ്യുമ്പോള്‍ ഷെഫാലിയെ അധികമായി ആശ്രയിക്കുന്നത് എത്രയും വേഗം അവസാനിപ്പിക്കുക തന്നെയാണ് നീലപ്പടയ്‌ക്ക് നല്ലത്.
ലോകകപ്പില്‍ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. മെല്‍ബണില്‍ ന്യൂസിലന്‍ഡിന് എതിരായ അവസാന മത്സരത്തില്‍ നാല് റണ്‍സിന് വിജയിച്ചു. ഇന്ത്യയുടെ 133 റണ്‍സ് പിന്തുടര്‍ന്ന കിവീസിന് 129 റണ്‍സെടുക്കാനേയായുള്ളൂ. മിന്നും ഫോം തുടരുന്ന ഷെഫാലി വര്‍മ്മ 34 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 46 റണ്‍സ് പേരിലാക്കിയതാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!