ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ്: ഇഷാന്തിനെയും മായങ്കിനെയും കാത്തിരിക്കുന്ന റെക്കോര്‍ഡുകള്‍

By Web TeamFirst Published Feb 27, 2020, 10:28 PM IST
Highlights

94 ടെസ്റ്റില്‍ 300 വിക്കറ്റ് സ്വന്തമാക്കിയ ഡാനിയേല്‍ വെറ്റോറിയെ ആണ് ഇഷാന്ത് രണ്ടാമനാക്കുക. 54 ടെസ്റ്റില്‍ 300 വിക്കറ്റ് പിന്നിട്ട ഇന്ത്യയുടെ ആര്‍ അശ്വിനാണ് ടെസ്റ്റില്‍ അതിവേഗം 300 പിന്നിട്ട ബൗളര്‍.

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ശനിയാഴ്ച ഇന്ത്യ ഇറങ്ങുമ്പോള്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയെയും ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയും കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം. രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ടെസ്റ്റില്‍ ഇഷാന്തിന് 300 വിക്കറ്റ് നേട്ടം സ്വന്തമാക്കാനാവും. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളളും മൂന്നാമത്തെ ഇന്ത്യന്‍ പേസറുമാവും ഇഷാന്ത്.

എന്നാല്‍ 300 വിക്കറ്റ് നേട്ടം സ്വന്തമാക്കുമ്പോള്‍ ഇഷാന്തിന് നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാവും. 300 വിക്കറ്റ് നേട്ടം സ്വന്തമാക്കാനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച ബൗളറെന്ന റെക്കോര്‍ഡാവും ഇഷാന്തിന്റെ പേരിലാവുക. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ഇഷാന്തിന്റെ കരിയറിലെ 97-മത് ടെസ്റ്റാണ്.

94 ടെസ്റ്റില്‍ 300 വിക്കറ്റ് സ്വന്തമാക്കിയ ഡാനിയേല്‍ വെറ്റോറിയെ ആണ് ഇഷാന്ത് രണ്ടാമനാക്കുക. 54 ടെസ്റ്റില്‍ 300 വിക്കറ്റ് പിന്നിട്ട ഇന്ത്യയുടെ ആര്‍ അശ്വിനാണ് ടെസ്റ്റില്‍ അതിവേഗം 300 പിന്നിട്ട ബൗളര്‍.

അതേസമയം, ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ 36 റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റില്‍ അതിവേഗം 1000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാവാന്‍ മായങ്ക് അഗര്‍വാളിന് അവസരമുണ്ട്. നിലവില്‍ 15 ഇന്നിംഗ്സില്‍ 964 റണ്‍സാണ് മായങ്കിന്റെ നേട്ടം. 14 ഇന്നിംഗ്സില്‍ 1000 പിന്നിട്ട ഇന്ത്യയുടെ വിനോദ് കാംബ്ലിയാണ് ടെസ്റ്റില്‍ അതിവേഗം 1000 റണ്‍സ് പിന്നിട്ട ബാറ്റ്സ്മാന്‍. അതേസമയം മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ വിനോദ് കാംബ്ലിക്ക് ഒപ്പമെത്താനും മായങ്കിന് കഴിയും.

click me!