
ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് യുഎഇയെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ജസ്പ്രീത് ബുമ്രയെ കളിപ്പിക്കരുതെന്ന് മുന്‍ ഇന്ത്യൻ താരം അജയ് ജഡേജ. ബുമ്രയെ പരിക്കേല്‍ക്കാതിരിക്കാന്‍ പൊതിഞ്ഞുപിടിക്കുന്ന ഇന്ത്യ ഇപ്പോള്‍ യുഎഇക്കെതിരെ ജയിക്കാന്‍ പോലും ബുമ്രയെ ഉപയോഗിച്ചാല്‍ താന്‍ അതിനിതിരെ സമരമിരിക്കുമെന്നും അജയ് ജഡേജ സോണി സ്പോര്‍ട്സിനോട് പറഞ്ഞു.
യുഎഇക്കെതിരെ ബുമ്രയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കേണ്ട ആവശ്യമെന്താണുള്ളത്. സാധാരണഗതിയില്‍ എല്ലായ്പ്പോഴും ബുമ്രയെ പൊതിഞ്ഞു പിടിക്കുകയാണല്ലോ ചെയ്യാറുള്ളത്. ഇപ്പോള്‍ യുഎഇക്കെതിരെ ജയിക്കാന്‍ പോലും ബുമ്രയുടെ ആവശ്യം വന്നോ. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ കളിക്കുമ്പോള്‍ ബുമ്രയെ പൊതിഞ്ഞു പിടിക്കേണ്ട ആവശ്യമില്ലെ. യുഎഇയോട് ബഹുമാനക്കുറവുള്ളതുകൊണ്ടല്ല ഇത് പറയുന്നത്.
ടി20 ക്രിക്കറ്റില്‍ ലോക ചാമ്പ്യൻമാരായ ഇന്ത്യയെ സംബന്ധിച്ച് ദുര്‍ബലരായ എതിരാളികളാണ് യുഎഇയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഇന്ന് ബുമ്രയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചാല്‍ അതിലും വലിയ ഇരട്ടത്താപ്പില്ല. യുക്തിപരമായി ചിന്തിച്ചാല്‍ ആര്‍ക്കും മനസിലാവുന്ന കാര്യമാണത്. പക്ഷെ നമ്മളൊരിക്കലും യുക്തിപരമായി ചിന്തിക്കാറില്ലല്ലോ. അതുകൊണ്ട് തന്നെ ബുമ്രയെ ഇന്ന് ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചാല്‍ താന്‍ അതിനെതിരെ സമരമിരിക്കുമെന്നും അജയ് ജഡേജ പറഞ്ഞു.
യുഎഇയുടെ ക്യാപ്റ്റന്‍ മുഹമ്മദ് വാസിമിന്‍റെ ബാറ്റിംഗ് ഞാന്‍ കണ്ടിട്ടുണ്ട്. പ്രതിഭാധനനായ കളിക്കാരനാണ് അയാള്‍. ടി20 ക്രിക്കറ്റില്‍ റാങ്കിംഗ് വെച്ച് ഒരു ടീമിനെയും വിലയിരുത്താനുമാവില്ല. പക്ഷെ ലോക ചാമ്പ്യൻമാരായ ഇന്ത്യക്ക് യുഎഇയെ തോല്‍പിക്കാന്‍ ബുമ്രയുടെ ആവശ്യമില്ലെന്നത് യുക്തിസഹമായി ചിന്തിച്ചാല്‍ ആര്‍ക്കും മനസിലാവുമെന്നും അജയ് ജഡേജ പറഞ്ഞു.
ജോലിഭാരം കണക്കിലെടുത്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ബുമ്ര കളിച്ചത്. എന്നാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുക്കുന്ന ടെസ്റ്റുകളില്‍ മാത്രം കളിക്കാന്‍ കളിക്കാരെ അനുവദിക്കുക്കന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബുമ്രയെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലെടുത്തത്. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ ഇന്ന് യുഎഇയെ നേരിടുന്ന ഇന്ത്യ 14ന് പാകിസ്ഥാനുമായും 19ന് ഒമാനുമായും മത്സരിക്കും. ഇതിനുശേഷം നടക്കുന്ന സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നിലെത്തുന്ന നാലു ടീമുകളാണ് മത്സരിക്കുക. ഇതില്‍ മുന്നിലെത്തുന്ന ടീമുകളാണ് 28ന് നടക്കുന്ന കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക