
ദുബായ്: വമ്പന്‍ താരങ്ങളുടെ അസാന്നിധ്യമാണ് ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ പ്രത്യേകത. ക്രിക്കറ്റില്‍ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനകൂടിയാണിത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗതിവിഗതികള്‍ എല്ലാക്കാലത്തും നിയന്ത്രിച്ചിരുന്നത് സൂപ്പര്‍ താരങ്ങളായിരുന്നു. അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. ഏഷ്യന്‍ കിരീടത്തിനായി ഈ മൂന്നുടീമുകള്‍ ഇത്തവണ ഇറങ്ങുന്ന് മാറ്റത്തിന്റെ കൊടുങ്കാറ്റുമായാണ്.
താരപ്രഭയ്ക്ക് അപ്പുറം ട്വന്റി 20യുടെ ചടുലതയ്ക്ക് യോജിച്ച താരങ്ങളുമായാണ് ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ ഇറങ്ങുന്നത്. വിരാട് കോലിയും രോഹിത് ശര്‍മ്മയും ഇല്ലാതെ 2010ന് ശേഷം ആദ്യമായാണ് ഇന്ത്യ പ്രധാനപ്പെട്ടൊരു വൈറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നത്. ഇരുവരും ട്വന്റി 20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റം തുടങ്ങിയിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളായ ബാബര്‍ അസമിനേയും മുഹമ്മദ് റിസ്വാനേയും പുറത്തിരുത്തിയാണ് പാകിസ്ഥാന്റെ വരവ്.
ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം, മഹ്മദുള്ള എന്നിവരില്‍ ഒരാളെങ്കിലും ഇല്ലാതെ ബംഗ്ലാദേശ് ഇതുവരെ ട്വന്റി 20 ലോകകപ്പിലോ ഏഷ്യാ കപ്പിലോ കളിച്ചിട്ടില്ല. ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുമ്പോള്‍ പാകിസ്ഥാനെ സല്‍മാന്‍ ആഘയും ബംഗ്ലാദേശിനെ ലിറ്റണ്‍ ദാസുമാണ് നയിക്കുന്നത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്
സ്റ്റാന്‍ഡ് ബൈ കളിക്കാര്‍: യശസ്വി ജയ്സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍.