അങ്ങനെ ചെയ്താല്‍ വിരാട് കോലിക്ക് 100 സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താം, ഉപദേശവുമായി അക്തര്‍

By Web TeamFirst Published Mar 21, 2023, 1:34 PM IST
Highlights

വിരാട് കോലിക്ക് ഇനിയും ആറു മുതല്‍ എട്ട് വര്‍ഷം വരെ കളി തുടരാനാവുമെന്നും അക്തര്‍ സ്പോര്‍ട്സ് ടോക്കിനോട് പറഞ്ഞു. ക്രിക്കറ്റ് താരമെന്ന നിലയില്‍ പറയുകയാണെങ്കില്‍ കോലി സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

കറാച്ചി: രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന നാഴികക്കല്ല് പിന്നിടണമെങ്കില്‍ വിരാട് കോലി ടി20 ക്രിക്കറ്റ് ഉപേക്ഷിച്ച് ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവരുമെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍.ഒരുപാട് ഊര്‍ജ്ജം ആവശ്യമുള്ള ടി20യില്‍ കോലി ഇനി കളിക്കരുതെന്നും അക്തര്‍ പറഞ്ഞു.

വിരാട് കോലിക്ക് ഇനിയും ആറു മുതല്‍ എട്ട് വര്‍ഷം വരെ കളി തുടരാനാവുമെന്നും അക്തര്‍ സ്പോര്‍ട്സ് ടോക്കിനോട് പറഞ്ഞു. ക്രിക്കറ്റ് താരമെന്ന നിലയില്‍ പറയുകയാണെങ്കില്‍ കോലി സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷെ അതിന് അദ്ദേഹം ടി20 ക്രിക്കറ്റ് ഉപേക്ഷിക്കണം. ഏകദിന ക്രിക്കറ്റിലും  ടെസ്റ്റിലും മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കണം. കാരണം, ഒരുപാട് ഊര്‍ജ്ജം ചോര്‍ത്തിക്കളയുന്ന ഫോര്‍മാറ്റാണ് ടി20.കോലിക്ക് ഇപ്പോള്‍ 34 വയസായി. ടി20 ഉപേക്ഷിച്ച് തന്‍റെ ഊര്‍ജ്ജം കളയാതെ നോക്കിയാല്‍ ഇനിയും ഒരു ആറോ എട്ടോ വര്‍ഷം കോലിക്ക് കളിക്കാം. 30-50 ടെസ്റ്റുകളില്‍ കളിക്കാം. ഇത്രയും മത്സരങ്ങളില്‍ നിന്ന് 25 സെഞ്ചുറികള്‍ നേടുക എന്നത് കോലിയെ സംബന്ധിച്ച് അസാധ്യമല്ല.

കുബ്ലെയുമായുള്ള ശീതസമരത്തിനിടെ കോച്ച് ആവാന്‍ ക്ഷണിച്ച് കോലി സമീപിച്ചു, വെളിപ്പെടുത്തി സെവാഗ്

എന്നാലും കായികക്ഷമതയും മാനസികരോഗ്യവും നിലനിര്‍ത്തുക എന്ന വലിയ വെല്ലുവിളിയാണ് കോലിക്ക് മുന്നിലുള്ളത്.ഭാഗ്യത്തിന് കോലി കരുത്തനായ വ്യക്തിയാണ്. അവനൊരു പഞ്ചാബി പയ്യനാണ്.100 സെഞ്ചുറികളെന്ന ലക്ഷ്യം വെച്ചാവണം ഇനി കോലി മുന്നോട്ടു പോവേണ്ടത്.വിരാട് കോലിയാണോ, ബാബര്‍ അസമാണോ വലിയ കളിക്കാരന്‍ എന്ന ചോദ്യങ്ങളൊക്കെ അസംബന്ധമാണ്.ഇന്ത്യയിലും പാക്കിസ്ഥാനിലുമെല്ലാം അത്തരം ചര്‍ച്ചകള്‍ നടത്തും.രണ്ടുപേരും മഹാന്‍മാരായ താരങ്ങളാണ്. ഇത്തരം ചര്‍ച്ചകളൊക്കെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള തന്ത്രം മാത്രമാണെന്നും അക്തര്‍ പറഞ്ഞു.

41 മാസത്തെ ഇടവേളക്ക് ശേഷം ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിലാണ് വിരാട് കോലി ടെസ്റ്റില്‍ വീണ്ടും സെഞ്ചുറി നേടിയത്. കഴിഞ്ഞ വര്‍ഷം ഏകദിനത്തിലും ടി20യിലും സെഞ്ചുറി നേടിയ കോലിക്ക് പക്ഷെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇതുവരെ തിളങ്ങാനായിട്ടില്ല. 

click me!