അന്ന് ബിസിസിഐ സെക്രട്ടറിയായിരുന്ന അമിതാഭ് ചൗധരി കോലിയും കുംബ്ലെയും തമ്മിലുള്ള അഭിപ്രായഭിന്നതകളെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്നും പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെന്ന് സെവാഗ് പറഞ്ഞു.

മുംബൈ: ഇന്ത്യന്‍ ടീം പരിശീലകനായിരുന്ന മുന്‍ നായകന്‍ അനില്‍ കുംബ്ലെയുമായുള്ള ശീതസമരത്തിനിടെ ഇന്ത്യന്‍ പരിശീലകനാവണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ക്യാപ്റ്റനായിരുന്നു വിരാട് കോലി തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. 2016ല്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായ കുംബ്ലെക്ക് വിരാട് കോലിയുമായും ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് 2017ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രാജിവെക്കേണ്ടിവന്നിരുന്നു. കളിക്കാരോട് കുംബ്ലെ ഹെഡ്മാസ്റ്ററെ പോലെ പെരുമാറുന്നു എന്നായിരുന്നു കോലി അടക്കമുള്ള താരങ്ങളുടെ പരാതി.

അന്ന് ബിസിസിഐ സെക്രട്ടറിയായിരുന്ന അമിതാഭ് ചൗധരി കോലിയും കുംബ്ലെയും തമ്മിലുള്ള അഭിപ്രായഭിന്നതകളെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്നും പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെന്ന് സെവാഗ് പറഞ്ഞു. അന്ന് കോലിയും ചൗധരിയും ആവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍ താന്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുക പോലും ചെയ്യില്ലായിരുന്നുവെന്നും ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സെവാഗ് വെളിപ്പെടുത്തി. കുംബ്ലെയുടെ കരാര്‍ ചാമ്പ്യന്‍സ് ട്രോഫിയോടെ പൂര്‍ത്തിയാവുമെന്നും അതിനുശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം പോകാന്‍ ചൗധരി ആവശ്യപ്പെട്ടു.അങ്ങനെയാണ് ഞാന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നത്.

വരൂ... സമാധാനം, പുലരട്ടെ പാക്കിസ്താന്‍ സുരക്ഷിതമാണ്! ഇന്ത്യയെ ഏഷ്യാ കപ്പിനായി ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനാവാത്തതില്‍ നിരാശയില്ലെന്നും നേടിയ കാര്യങ്ങളില്‍ സംതൃപ്തനാണെന്നും സെവാഗ് പറഞ്ഞു. നജഫ്ഗഡിലെ ചെറിയൊരു കര്‍ഷക കുടുംബത്തില്‍ നിന്ന് വരുന്ന തനിക്ക് ഇന്ത്യക്കായി കളിക്കാനായത് തന്നെ വലിയ കാര്യമാണ്. ഇന്ത്യക്കായി കളിക്കാനും ആരാധകരുടെ സ്നേഹം നേടാനാും കഴിഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നെങ്കിലും ഇതേ സ്നേഹം തന്നെയാണ് തനിക്ക് കിട്ടുകയെന്നും സെവാഗ് പറഞ്ഞു. 2017ല്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞ ശേഷം പകരക്കാരനെ തെരഞ്ഞെടുക്കാന്‍ നടത്തിയ അഭിമുഖത്തില്‍ സെവാഗും പങ്കെടുത്തുവെങ്കിലും രവി ശാസ്ത്രിയെ ആണ് സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന ഉപദേശക സമിതി തെരഞ്ഞെടുത്തത്. ശാസ്ത്രിയെ പരിശീലകനാക്കുന്നതില്‍ ഗാംഗുലിക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും കോലിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബിസിസിഐ തീരുമാനമെടുക്കുകയായിരുന്നു എന്ന് ആരോപണമുയര്‍ന്നിരുന്നു.