
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ദിവസങ്ങളുടെ ഇടവേളയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും വിരമിക്കല്‍ പ്രഖ്യാപിച്ചതിന്‍റെ ഞെട്ടലിലാണ് ഇന്ത്യൻ ആരാധകര്‍. ഇരുവരുടെയും വിരമിക്കലിന് പിന്നില്‍ കോച്ച് ഗൗതം ഗംഭീറിന് പങ്കുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.
എന്നാല്‍ ഇതിനിടെ താനായിരുന്നു ഗംഭീറിന്‍റെ സ്ഥാനത്തെങ്കില്‍ രോഹിത്തിനെ സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ മാറ്റി നിര്‍ത്തില്ലായിരുന്നുവെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യൻ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രി. ഐപിഎല്ലിനിടെ രോഹിത്തിനെ ടോസ് സമയത്ത് മാത്രമാണ് ഞാന്‍ കാണാറുള്ളത്. മുംബൈയില്‍ നടന്ന ഒരു മത്സരത്തിനിടെ ഞാന്‍ രോഹിത്തിന് അടുത്തെത്തി തോളില്‍ പിടിച്ചു. എന്നിട്ട് പറഞ്ഞു, ഞാനായിരുന്നു അന്ന് കോച്ച് എങ്കില്‍ ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റില്‍ നിന്ന് ഫോം നഷ്ടത്തിന്‍റെ പേരില്‍ മാറിനില്‍ക്കാന്‍ നിങ്ങളെ അനുവദിക്കുമായിരുന്നില്ലെന്ന്. കാരണം, അപ്പോഴും ഇന്ത്യ പരമ്പര കൈവിട്ടിരുന്നില്ല. പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലാണെന്നെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ രോഹിത് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യം അതായിരുന്നില്ലെന്നും ശാസ്ത്രി ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു.
പരമ്പര 2-1ല്‍ നില്‍ക്കെ സിഡ്നിയിലെ പിച്ച് പേസര്‍മാരെ തുണക്കുന്നതായിരുന്നു. ഒരാൾ നേടുന്ന 30-40 റണ്‍സ് പോലും മത്സരഫലത്തില്‍ വലിയ വ്യത്യാസം ഉണ്ടാക്കുന്ന മത്സരമായിരുന്നു അത്. അതായിരുന്നു ഞാന്‍ രോഹിത്തിനോട് പറഞ്ഞത്. എത്ര മോശം ഫോമിലാണെങ്കിലും രോഹിത് ഒരു മാച്ച് വിന്നറാണെന്ന കാര്യം മറക്കരുത്. സാഹചര്യങ്ങള്‍ മനസിലാക്കി രോഹിത് ബാറ്റുവീശി ഒരു 30-40 റണ്‍സ് അതിവേഗം സ്കോര്‍ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ മത്സരഫലം ഇന്ത്യക്ക് അനുകൂലമാക്കാനും പരമ്പര സമനിലയാക്കാനും കഴിയുമായിരുന്നു.
പക്ഷെ ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ടല്ലോ, എന്തായാലും ഇക്കാര്യം എനിക്ക് രോഹിത്തിനോട് പറയണമെന്നുണ്ടായിരുന്നു. ഏറെക്കാലമായി മനസിലുണ്ടായിരുന്ന കാര്യമായിരുന്നു ഇത്-ശാസ്ത്രി പറഞ്ഞു. ഈ മാസം ഏഴിനാണ് രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 67 ടെസ്റ്റുകളില്‍ കളിച്ച രോഹിത് 12 സെഞ്ചുറികളടക്കം 4301 റണ്‍സ് നേടി. 2022ല്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനായ രോഹിത് 24 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചു, 12 വിജയങ്ങളും നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക