കൊവിഡ് ആശങ്ക; ടി20 ലോകകപ്പിന് പകരം വേദി ഉറപ്പാക്കി ബിസിസിഐ

By Web TeamFirst Published May 1, 2021, 11:47 AM IST
Highlights

ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 രെ നടക്കേണ്ട ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ജെഫ് ആലാര്‍ഡിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മുംബൈ: ഈ വര്‍ഷം ഇന്ത്യയിയില്‍ നടക്കേണ്ട ടി20 ലോകകപ്പിന് പകരം വേദി ഉറപ്പാക്കി ബിസിസിഐ. രാജ്യത്തെ കൊവിഡ് തരംഗം ശമിച്ചില്ലെങ്കില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യ വേദിയാവേണ്ട ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്ര പറഞ്ഞു.

ടി20 ലോകകപ്പ് വേദി മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്നും എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ യുഎഇ ആവും പകരം വേദിയാവുകയെന്നും മല്‍ഹോത്ര വ്യക്തമാക്കി. യുഎഇ ആണ് വേദിയാവുന്നതെങ്കിലും ബിസിസിഐ തന്നെയാവും ആതിഥേയര്‍. ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 രെ നടക്കേണ്ട ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ജെഫ് ആലാര്‍ഡിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സാഹചര്യവശാല്‍ ഇന്ത്യയില്‍ നടത്താനായില്ലെങ്കില്‍ പ്ലാന്‍ ബി തയാറായാണെന്നും അലാര്‍ഡിസ് പറഞ്ഞിരുന്നു. എന്നാല്‍ ലോകകപ്പിന് ഇനിയും മാസങ്ങളുണ്ടെന്നതിനാല്‍ പ്ലാന്‍ ബിയെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ഇന്ത്യയില്‍ തന്നെ ലോകകപ്പ് നടത്താനുള്ള മുന്നൊരുക്കങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്നും അലാര്‍ഡീസ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു. കൊവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഐപിഎല്‍ നടത്താന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ യുഎഇ ആണ് മത്സരങ്ങള്‍ക്ക് വേദിയായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!