
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണുമെല്ലാം. എന്നാല്‍ തങ്ങളുടെ കാലത്ത് കളിക്കാരുടെ കായികക്ഷമത നിശ്ചയിക്കുന്ന യോ യോ ടെസറ്റുണ്ടായിരുന്നെങ്കില്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണുമൊന്നും ഒരിക്കലും യോ യോ ടെസ്റ്റ് ജയിക്കില്ലായിരുന്നുവെന്ന് തുറന്നുപറയുകയാണ് മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ നിന്നൊഴിവാക്കിയതിനെക്കുറിച്ചുള്ള ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്.
ഏകദിന പരമ്പരയില്‍ ഹര്‍ദ്ദിക് പാണ്ഡ്യക്ക് ബൗള്‍ ചെയ്യാനുള്ള കായികക്ഷമതയില്ലാതിരുന്നിട്ടും കളിപ്പിക്കുകയും എന്നാല്‍ ടി20 പരമ്പരയില്‍ കായികക്ഷമതയില്ലെന്ന പേരില്‍ വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്നും കായികക്ഷമത തന്നെയാണ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ശരിയായ മാനദണ്ഡമെന്നും ആയിരുന്നു ആരാധകന്‍റെ ചോദ്യം.
ഹര്‍ദ്ദിക് പാണ്ഡ്യക്ക് ഓടാന്‍ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയുടെയും അശ്വിന്‍റെയും കാര്യം അങ്ങനെ അല്ലായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ജോലിഭാരം കുറക്കാനായാണ് ഹര്‍ദ്ദിക്കിനെക്കൊണ്ട് അധികം ബൗള്‍ ചെയ്യിക്കാതിരുന്നത്. എന്നാല്‍ അശ്വിനും വരുണ്‍ ചക്രവര്‍ത്തിയും ഓട്ട മത്സരത്തില്‍ തന്നെ പരാജയപ്പെട്ടു. അതുകൊണ്ടാണ് അവരെ ഒഴിവാക്കിയത്.
എന്നാല്‍ ഇത്തരത്തില്‍ കളിക്കാരെ തെരഞ്ഞെടുക്കുന്നതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നുമില്ല. കാരണം ഞങ്ങളുടെ കാലത്ത് യോ യോ ടെസ്റ്റുണ്ടായിരുന്നെങ്കില്‍ സച്ചിനോ ഗാംഗുലിയോ ലക്ഷ്മണോ ഒന്നും അത് പാസാവില്ലായിരുന്നു. 12.5 സെക്കന്‍ഡില്‍ ഓടിയെത്തേണ്ട ബീപ് ടെസ്റ്റില്‍ പോലും അവര്‍ എപ്പോഴും പരാജയപ്പെടാറുണ്ട്-സെവാഗ് പറഞ്ഞു.
കായികക്ഷമതക്കാണ് പ്രാധാന്യമെന്ന് മുമ്പ് വിരാട് കോലി പറഞ്ഞപ്പോഴും സെവാഗ് അതിനോട് വിയോജിച്ചിരുന്നു. കായികക്ഷമത ഉണ്ടാക്കാനാവുമെന്നും എന്നാല്‍ പ്രതിഭയില്ലാത്ത കളിക്കാരന് കായികക്ഷമത മാത്രമെ ഉള്ളുവെങ്കില്‍ കളി ജയിക്കാനാവില്ലെന്നും സെവാഗ് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!