പരസ്‌ത്രീബന്ധങ്ങള്‍ക്കും വഞ്ചനയ്‌ക്കും തെളിവായി സ്‌ക്രീന്‍ഷോട്ടുകള്‍; മാപ്പ് പറഞ്ഞ് പാക്കിസ്ഥാന്‍ താരം

By Web TeamFirst Published Jul 30, 2019, 12:14 PM IST
Highlights

ഇമാം ഉള്‍ ഹഖിന്‍റെ വാട്‌സ്‌ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഒരു ട്വിറ്റര്‍ യൂസര്‍ പുറത്തുവിട്ടതോടെയാണ് താരം പ്രതിരോധത്തിലായത്

ലാഹോര്‍: പരസ്‌ത്രീബന്ധത്തിന്‍റെ പേരില്‍ വിവാദത്തിലായ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖ് മാപ്പ് പറഞ്ഞു. പെണ്‍കുട്ടിയുമായി താരം നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഒരു ട്വിറ്റര്‍ യൂസര്‍ പുറത്തുവിട്ടതോടെയാണ് താരം പ്രതിരോധത്തിലായത്. താരം കുറ്റമേറ്റതായും മാപ്പ് പറഞ്ഞതായും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാനേജിംഗ് ഡയറക്‌ടര്‍ വസീം ഖാന്‍ സമ്മതിച്ചതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. 

'ഇതൊക്കെ താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളായിരിക്കാം. അതില്‍ അഭിപ്രായങ്ങള്‍ പറയാന്‍ താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ അച്ചടക്കും മൂല്യങ്ങളും പാലിക്കാന്‍ എല്ലാ താരങ്ങളും തയ്യാറാകുമെന്നാണ് പ്രതീക്ഷ. കരാറിലുള്ള താരങ്ങള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്‍റെ അംബാസിഡര്‍മാരാണ്. ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കില്ല എന്ന് പ്രതീക്ഷിക്കപ്പെടുന്നതായും' വസീം ഖാന്‍ വ്യക്തമാക്കി.  

വിവാദ വെളിപ്പെടുത്തലുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഏഴോ എട്ടോ സ്‌ത്രീകളുമായി പാക് താരത്തിന് ബന്ധമുണ്ടെന്നും അവരെ വഞ്ചിച്ചതായും ട്വീറ്റില്‍ പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആരാധകരില്‍ ഒരു വിഭാഗം വാദിക്കുമ്പോഴാണ് താരത്തിന്‍റെ കുറ്റസമ്മതം പുറത്തുവരുന്നത്. 

click me!