ഐപിഎല്ലിന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയെന്ന് ബിസിസിഐ

By Web TeamFirst Published Aug 7, 2020, 3:19 PM IST
Highlights

ഭൂരിഭാഗം ടീമുകളും ഓഗസ്റ്റ് 20 ഓടെ യുഎഇയിലേക്ക് യാത്ര തിരിക്കും. ചെന്നൈ സൂപ്പര്‍ കിംഗ്സ് 22ന് യാത്ര തിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുംബൈ ഇന്ത്യന്‍സ് ടീമിലെ ഇന്ത്യന്‍ താരങ്ങളെ തങ്ങളുടെ ആസ്ഥാനത്ത് ക്വാറന്റീന്‍ ചെയ്തിട്ടുണ്ട്.

മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ യുഎഇയില്‍ നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയെന്ന് ബിസിസിഐ. ഇതിന്റെ അടിസ്ഥാനത്തില്‍ എട്ടു ടീമുകളും താരങ്ങളെ ക്വാറാന്റീന്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്നും ബിസിസിഐ വ്യക്തമാക്കി. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഐപിഎല്‍ യുഎഇയില്‍ നടത്താനുള്ള അനുമതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് രേഖാമൂലം ലഭിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഭൂരിഭാഗം ടീമുകളും ഓഗസ്റ്റ് 20 ഓടെ യുഎഇയിലേക്ക് യാത്ര തിരിക്കും. ചെന്നൈ സൂപ്പര്‍ കിംഗ്സ് 22ന് യാത്ര തിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുംബൈ ഇന്ത്യന്‍സ് ടീമിലെ ഇന്ത്യന്‍ താരങ്ങളെ തങ്ങളുടെ ആസ്ഥാനത്ത് ക്വാറന്റീന്‍ ചെയ്തിട്ടുണ്ട്. ചില ടീമുകള്‍ താരങ്ങലെ കൊവിഡ് പരിശോധനക്ക് വിധേയരാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കുടുംബത്തെ കൂടെ കൂട്ടാമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബയോ സെക്യുര്‍ ബബ്ബിള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടിവരുമെന്നതിനാല്‍ മിക്ക ടീമുകളും കുടുംബത്തെ കൂടെക്കൂട്ടുന്നതിന് വിമുഖത കാട്ടുന്നുണ്ട്. കുടുംബാംഗങ്ങളുടെ സുരക്ഷക്കും താരങ്ങള്‍ മുന്‍ഗണന നല്‍കുന്നുണ്ട്. 24 അംഗ ടീമിനെയാണ് ഓരോ ടീമും കൊണ്ടുപോകുന്നക്. സപ്പോര്‍ട്ട് സ്റ്റാഫും മെഡിക്കല്‍ ടീമും അടക്കം ഓരോ ടീമിലും അറുപതോളം പേരുണ്ടാകുമെന്നാണ് സൂചന.

click me!