ഷൂ ചുമക്കേണ്ടവനല്ല മുന്‍ നായകന്‍; പാക് ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് അക്തര്‍

By Web TeamFirst Published Aug 7, 2020, 2:01 PM IST
Highlights

സര്‍ഫ്രാസ് ദുര്‍ബലനും വിധേയത്വവുമുള്ള മനുഷ്യനാണെന്ന ചിത്രമാണ് ഇത് ആരാധകര്‍ക്ക് നല്‍കുന്നത്. ഇതേ രീതിയിലാണ് അദ്ദേഹം പാക് ടീമിനെ നയിച്ചതും. അതുകൊണ്ടാണ് പരിശീലകനായിരുന്ന മിക്കി ആര്‍തര്‍ക്ക് എല്ലായ്പ്പോഴും അയാള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്താനായത്. ഷൂ ചുമന്നത് വലിയ പ്രശ്നമാണെന്നല്ല, പക്ഷെ അതൊരു മുന്‍ ക്യാപ്റ്റന്‍ ചെയ്യേണ്ട പണിയല്ല-അക്തര്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീമിലെ പന്ത്രണ്ടാമനായ പാക് മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്  സഹതാരത്തിനുള്ള ഷൂവുമായി ഗ്രൗണ്ടിലിറങ്ങിയതിനെ വിമര്‍ശിച്ച് പാക് മുന്‍ താരം ഷൊയൈബ് അക്തര്‍. പാക് ഇന്നിംഗ്സിലെ 71-ാം ഓവറില്‍ ക്രീസിലുണ്ടായിരുന്ന മുഹമ്മദ് റിസ്‌വാനുവേണ്ടിയാണ് സര്‍ഫ്രാസ് ഷൂവും വെള്ളവുമായി ഗ്രൗണ്ടിലെത്തിയത്. പാക്കിസ്ഥാനെ 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിലേക്ക് നയിച്ച സര്‍ഫ്രാസ് തന്നെയായിരുന്നു 2019ലെ ഏകദിന ലോകകപ്പിലും ടീമിനെ നയിച്ചത് . മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ സര്‍ഫ്രാസിന് ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിലിടം ലഭിതച്ചെങ്കിലും അന്തിമ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

വെള്ളവും ഷൂവുമെടുത്ത് ഗ്രൗണ്ടിലിറങ്ങിയ സര്‍ഫ്രാസിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയായിരുന്നു അക്തര്‍ പ്രതികരണവുമായി എത്തിയത്. ഷൂവുമായി ഗ്രൗണ്ടിലിറങ്ങിയ സര്‍ഫ്രാസിനെ അതിന്റെ പേരില്‍ കളിയാക്കുന്നതിനോട് യോജിക്കാനാവില്ല. വെള്ളവും ഷൂവും ചുമന്നുകൊണ്ട് ഗ്രൗണ്ടിലിറങ്ങേണ്ടയാളല്ല മുന്‍ നായകനായ സര്‍ഫ്രാസ്. പാക് ടീമിനെ വര്‍ഷങ്ങളോളം നയിക്കുകയും ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിലേക്ക് നയിക്കുകയും ചെയ്ത ഒരു കളിക്കാരനോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. അത് അദ്ദേഹം സ്വമനസ്സാലെ ചെയ്തതാണെങ്കില്‍ പോലും അതില്‍ നിന്ന് അദ്ദേഹത്തെ തടയണമായിരുന്നു. കാരണം, മുന്‍ നായകനായ വസീം അക്രം എനിക്കുള്ള ഷൂ ചുമന്നുകൊണ്ട് ഒരിക്കലും ഗ്രൗണ്ടിലിറങ്ങിയിട്ടില്ല.

സര്‍ഫ്രാസ് ദുര്‍ബലനും വിധേയത്വവുമുള്ള മനുഷ്യനാണെന്ന ചിത്രമാണ് ഇത് ആരാധകര്‍ക്ക് നല്‍കുന്നത്. ഇതേ രീതിയിലാണ് അദ്ദേഹം പാക് ടീമിനെ നയിച്ചതും. അതുകൊണ്ടാണ് പരിശീലകനായിരുന്ന മിക്കി ആര്‍തര്‍ക്ക് എല്ലായ്പ്പോഴും അയാള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്താനായത്. ഷൂ ചുമന്നത് വലിയ പ്രശ്നമാണെന്നല്ല, പക്ഷെ അതൊരു മുന്‍ ക്യാപ്റ്റന്‍ ചെയ്യേണ്ട പണിയല്ല-അക്തര്‍ പറഞ്ഞു.

സര്‍ഫ്രാസ് ഷൂവുമായി ഗ്രൗണ്ടിലറങ്ങിയതിനോട് മുന്‍ താരം റഷീദ് ലത്തീഫും വിയോജിച്ചു. സീനിയര്‍ താരങ്ങളായ വഹാബ് റിയാസും മുഹമ്മദ് ആമിറും ടീം കിറ്റ് പോലും ധരിക്കാതെ ട്രാക്ക് സ്യൂട്ട് ധരിച്ചുകൊണ്ടാണ് ഡ്രസ്സിംഗ് റൂമിലിരിക്കുന്നത്. പാക് ടീമിന്റെ ടീം സ്പിരിറ്റില്ലായ്മയാണ് ഇത് തെളിയിക്കുന്നത്. സര്‍ഫ്രാസ് ഷൂ ചുമന്ന് ഗ്രൗണ്ടിലിറങ്ങിയത് അദ്ദേഹത്തിന്റെ മഹത്വമായി കണക്കാക്കാമെങ്കിലും അത് അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നും ലത്തീഫ് പറഞ്ഞു.

അതേസമയം, സര്‍ഫ്രാസ് ഷൂ ചുമക്കേണ്ടിവന്നതിനെ പരിശീലകനായ മിസ്ബാ ഉള്‍ ഹഖ് ന്യായീകരിച്ചു. സഹതാരങ്ങള്‍ക്ക് വെള്ളമോ ഷൂസോ കൊണ്ടുചെന്നുകൊടുക്കുന്നതില്‍ എന്താണ് തെറ്റെന്ന് മിസ്ബ ചോദിച്ചു. ഇത്തരം ചര്‍ച്ചകള്‍ പാക്കിസ്ഥാനില്‍ മാത്രമെ നടക്കു. സര്‍ഫ്രാസ് നല്ല മനുഷ്യനാണ്. ടീമിലെ മറ്റ് താരങ്ങള്‍ പരിശീലനത്തിലായിരുന്നതിനാല്‍ സര്‍ഫ്രാസ് മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഷൂസും ചുമന്ന് ഗ്രൗണ്ടിലിറങ്ങിയത്. അതില്‍ ബഹുമാനക്കുറവൊന്നുമില്ല. സര്‍ഫ്രാസിനും അതില്‍ പ്രശ്നങ്ങളൊന്നും ഇല്ല. മാത്രമല്ല, ടീം സ്പിരിറ്റിന്റെ വലിയ മാതൃകയാണ് സര്‍ഫ്രാസ് കാണിച്ചതെന്നും മിസ്ബ പറഞ്ഞു.

click me!