IND v NZ : കോലി തിരികെയെത്തുമ്പോള്‍ ആ രണ്ടുപേരിലൊരാള്‍ മാറേണ്ടി വരും: വസീം ജാഫര്‍

By Web TeamFirst Published Dec 2, 2021, 5:22 PM IST
Highlights

സമീപകാലത്തായി മോശം ഫോമിലുള്ള അജിങ്ക്യാ രഹാനെയും(Ajinkya Rahane) ചേതേശ്വര്‍ പൂജാരയും(Cheteshwar Pujara) ആണ് പുറത്തിരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന രണ്ട് കളിക്കാര്‍. എന്നാല്‍ കോലിയുടെ അഭാവത്തില്‍ രഹാനെ ഇന്ത്യയെ കഴിഞ്ഞ ടെസ്റ്റില്‍ നയിച്ചിരുന്നു.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ(India-New Zealand) ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന ചര്‍ച്ചയിലും ആകാംക്ഷയിലുമാണ് ആരാധകരിപ്പോള്‍. നാളെ മുംബൈയില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli) തിരിച്ചെത്തുമ്പോള്‍ ആരെയാണ് പുറത്തിരുത്തേണ്ടത് എന്നതാണ് ആരാധകരടെപ്പോലെ ടീം മാനേജ്മെന്‍റിനെയും കുഴക്കുന്നത്.

സമീപകാലത്തായി മോശം ഫോമിലുള്ള അജിങ്ക്യാ രഹാനെയും(Ajinkya Rahane) ചേതേശ്വര്‍ പൂജാരയും(Cheteshwar Pujara) ആണ് പുറത്തിരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന രണ്ട് കളിക്കാര്‍. എന്നാല്‍ കോലിയുടെ അഭാവത്തില്‍ രഹാനെ ഇന്ത്യയെ കഴിഞ്ഞ ടെസ്റ്റില്‍ നയിച്ചിരുന്നു. കഴിഞ്ഞ ടെസ്റ്റിലെ നായകനെ തൊട്ടടുത്ത ടെസ്റ്റില്‍ ഒഴിവാക്കുന്നത് നീതികേടാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. പൂാജരയാകട്ടെ ഇടക്കിടെ ഭേദപ്പെട്ട പ്രകടനങ്ങള്‍ പുറത്തെടുക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍(Wasim Jaffer).

വിരാട് കോലി തിരിച്ചെത്തുമ്പോള്‍ രഹാനെക്കോ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനോ പുറത്തുപോവേണ്ടിവരുമെന്ന് ജാഫര്‍ പറഞ്ഞു. മായങ്കിനെ ആണ് ഒഴിവാക്കുന്നതെങ്കില്‍ വൃദ്ധിമാന്‍ സാഹയെ ഓപ്പണറാക്കി പരീക്ഷിച്ച് മറ്റു ബാറ്റര്‍മാര്‍ക്ക് അവരവരുടെ പൊസിഷനുകളില്‍ തുടരാന്‍ അവസരമൊരുക്കാമെന്ന രസകരമായ നിര്‍ദേശവും ജാഫര്‍ മുന്നോട്ടുവെച്ചു.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സാഹയെ ഓപ്പണറാക്കുന്നത് വലിയ വെല്ലുവിളിയല്ല. എന്നാല്‍ മായങ്കിന് ഒരവസരം കൂടി നല്‍കാന്‍ തീരുമാനിച്ചാല്‍ കഴിഞ്ഞ 10-12 ടെസ്റ്റുകളിലായി ഫോമിലേക്കുയരാത്ത രഹാനെക്ക് പുറത്തുപോകേണ്ടിവരും. രണ്ടായാലും വിഷമം പിടിച്ച തീരുമാനമാകുമതെന്നും ജാഫര്‍ പറഞ്ഞു.

അരങ്ങേറ്റ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ തിളങ്ങിയതോടെ രണ്ടാം ടെസ്റ്റില്‍ അയ്യര്‍ കളിക്കുമെന്നുറപ്പാണ്. എന്നാല്‍ മോശം ഫോമിലുള്ള രഹാനെക്കും  പൂജാരക്കും സ്ഥാനം ഉറപ്പില്ല. ആദ്യ ടെസ്റ്റില്‍ തിളങ്ങാതിരുന്ന ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്‍റെ സ്ഥാനവും ചോദ്യചിഹ്നമാണ്. വൃദ്ധിമാന്‍ സാഹയുടെ പരിക്ക് ഭേദമായെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയ സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റില്‍ വിക്കറ്റ് കാക്കാന്‍ സാഹ തന്നെയിറങ്ങുമെന്നാണ് കരുതുന്നത്.

click me!