IND v NZ : രണ്ടാം ടെസ്റ്റില്‍ രഹാനെയെക്കാള്‍ സമ്മര്‍ദ്ദം പൂജാരക്കെന്ന് സഹീര്‍ ഖാന്‍

By Web TeamFirst Published Dec 2, 2021, 4:54 PM IST
Highlights

രഹാനെയെപ്പോലെ തന്നെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൂജാരയും ടെസ്റ്റില്‍ നിറം മങ്ങിയ പ്രകടനമാണ് തുടരുന്നത്. 2020ല്‍ പൂജാര ടെസ്റ്റില്‍ 20.37 ശരാശരിയില്‍ മാത്രമാണ് റണ്‍സ് നേടിയത്. 2021ലാകട്ടെ 30.41ലും. രഹാനെയുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ടെസ്റ്റിലെ ശരാശരിയാകട്ടെ യഥാക്രമം 38.85, 19.57 എന്നിങ്ങനെയായിരുന്നു.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള(IND v NZ) അന്തിമ ഇലവനില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുണ്ടാകുമോ( Ajinkya Rahane) എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സമീപകാലത്തെ മോശം ഫോമാണ് രഹാനെയുടെ ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത്. ആദ്യ ടെസ്റ്റില്‍ വിശ്രമമെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിക്ക്(Virat Kohli) പകരമെത്തിയ ശ്രേയസ് അയ്യര്‍(Shreyas Iyer) സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയ തിളങ്ങിയതോടെ രഹാനെയെ ഒഴിവാക്കി അയ്യരെ രണ്ടാം ടെസ്റ്റിലും കളിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ രണ്ടാം ടെസ്റ്റിന് മുംബൈയിലിറങ്ങുമ്പോള്‍ രഹാനെയെക്കാള്‍ സമ്മര്‍ദ്ദത്തിലാവുക മറ്റൊരു താരമായിരിക്കുമെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ സഹീര്‍ ഖാന്‍(Zaheer Khan). മറ്റാരുമല്ല, മോശം ഫോമിന്‍റെ പേരില്‍ രഹാനെയെപ്പോലെ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ചേതേശ്വര്‍ പൂജാര(Cheteshwar Pujara) തന്നെ. രഹാനെയെപ്പോലെ തന്നെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൂജാരയും ടെസ്റ്റില്‍ നിറം മങ്ങിയ പ്രകടനമാണ് തുടരുന്നത്. 2020ല്‍ പൂജാര ടെസ്റ്റില്‍ 20.37 ശരാശരിയില്‍ മാത്രമാണ് റണ്‍സ് നേടിയത്. 2021ലാകട്ടെ 30.41ലും. രഹാനെയുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ടെസ്റ്റിലെ ശരാശരിയാകട്ടെ യഥാക്രമം 38.85, 19.57 എന്നിങ്ങനെയായിരുന്നു.

രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റനായി വിരാട് കോലി തിരികെയെത്തുമ്പോള്‍ മധ്യനിരയില്‍ കോലിക്ക് ഇടം നല്‍കാനായി ഏതെങ്കിലും ബാറ്ററെ ഒഴിവാക്കേണ്ടിവരുമെന്ന് സഹീര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയ മായങ്ക് അഗര്‍വാളിനെ ആണ് മാറ്റുന്നതെങ്കില്‍ പൂജാരയോട് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പൂജാര കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുമെന്നും സഹീര്‍ വ്യക്തമാക്കി.

കോലി തിരികെയെത്തുമ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുമെന്നുറപ്പാണ്. അപ്പോഴും ആദ്യ ടെസ്റ്റില്‍ തിളങ്ങിയ ശ്രേയസ് അയ്യര്‍ എന്തായാലും രണ്ടാം ടെസ്റ്റില്‍ കളിക്കും. അതില്‍ യാതൊരു സംശയവുമില്ല. അങ്ങനെ വരുമ്പോള്‍ ഒന്നുകില്‍ ഓപ്പണര്‍മാരില്‍ ഒരാളെ ഒഴിവാക്കണം, അല്ലെങ്കില്‍ പൂജാരയെയോ രഹാനയെയോ ഒഴിവാക്കണം. ഓപ്പണര്‍മാരിലൊരാളാണ് പുറത്തുപോവുന്നതെങ്കില്‍ പൂജാര ഓപ്പണ്‍ ചെയ്യേണ്ടിവരും.

എന്നാല്‍ ബൗളിംഗ് നിരയില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ലെന്നും സഹീര്‍ പറഞ്ഞു. ഇനി അഥവാ മാറ്റം വരുത്തുകയാണെങ്കില്‍ അക്സര്‍ പട്ടേലിന് പകരം മുഹമ്മദ് സിറാജിനെ കളിപ്പിക്കണം.മൂന്ന് പേസര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ സിറാജ് ആണ് സ്വാഭാവിക ചോയ്സ്. എന്നാല്‍ മൂന്നാം ദിനം മുതല്‍ സ്പിന്നിന് അനുകൂലമാകുമെന്ന് കരുതുന്ന പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങാനാണ് സാധ്യതതയെന്നും സഹീര്‍ പറഞ്ഞു. രണ്ട് മത്സര പരമ്പരയില്‍ കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ആവേശ സമനില സ്വന്തമാക്കിയിരുന്നു.

click me!