എന്തുകൊണ്ട് നാഗ്‌പൂരില്‍ രോഹിത് ഓസീസിനെ പഞ്ഞിക്കിട്ടു; ഹിറ്റ്‌മാന്‍ ഹിറ്റിന്‍റെ രഹസ്യം പറഞ്ഞ് ഗാവസ്‌കര്‍

By Jomit JoseFirst Published Sep 24, 2022, 10:58 AM IST
Highlights

ആദ്യ ടി20യില്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് ഏറെനേരം ക്രീസില്‍ ചിലവഴിക്കാന്‍ കഴിയാതെ വന്ന രോഹിത്തിനെ ഗാവസ്‌കര്‍ വിമര്‍ശിച്ചിരുന്നു

നാഗ്‌പൂര്‍: ഓപ്പണറായി ഇറങ്ങി ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിച്ച് ടീമിന്‍റെ വിജയം വരെ ക്രീസില്‍ നില്‍ക്കുക, സമകാലിക നായകന്‍മാര്‍ക്കെല്ലാം മാതൃകയാവുന്ന ഇന്നിംഗ്‌സാണ് നാഗ്‌പൂരില്‍ ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശര്‍മ്മ കാഴ്‌ചവെച്ചത്. രോഹിത്തിന്‍റെ സ്ഫോടനാത്മകമായ ബാറ്റിംഗ് ശൈലിയും ഉത്തരവാദിത്തബോധവും ഒരുപോലെ കണ്ട ഇന്നിംഗ്‌സ്. അതിനാല്‍ത്തന്നെ രോഹിത്തിന്‍റെ ബാറ്റിംഗില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്നാണ് ഇന്ത്യന്‍ മുന്‍ നായകനും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. 

ആദ്യ ടി20യില്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് ഏറെനേരം ക്രീസില്‍ ചിലവഴിക്കാന്‍ കഴിയാതെ വന്ന രോഹിത്തിനെ ഗാവസ്‌കര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതേ ഗാവസ്‌കറെ കൊണ്ട് നല്ല വാക്കുകള്‍ പറയിപ്പിച്ചിരിക്കുകയാണ് ഹിറ്റ്‌മാന്‍. രോഹിത് വളരെ ശ്രദ്ധാപൂര്‍വം കളിച്ചെന്നും സാഹസികതയ്‌ക്ക് മുതിര്‍ന്നില്ലെന്നും ഗാവസ്‌കര്‍ പ്രശംസിച്ചു.  

'രോഹിത് ശര്‍മ്മ അളന്നുമുറിച്ച സമീപനത്തോടെയാണ് ബാറ്റ് വീശിയത്. പ്രതിരോധമല്ല, സെലക്‌ടീവായായിരുന്നു ബാറ്റിംഗ്. ഫ്ലിക് ഷോട്ടുകളും പുള്‍ ഷോട്ടുകളും കളിക്കുമ്പോള്‍ രോഹിത് ശര്‍മ്മ വളരെ മികച്ചതായിരുന്നു. ഓഫ്-സൈഡില്‍ കളിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു രോഹിത് ബുദ്ധിമുട്ടിയത്. തന്‍റെ റേഞ്ചിലുള്ള ഷോട്ടുകള്‍ കളിക്കുമ്പോള്‍ രോഹിത്തിന് ബുദ്ധിമുട്ടില്ല. അങ്ങനെ കളിക്കാനാണ് രോഹിത് ശ്രമിക്കേണ്ടത്. അത്രത്തോളം അളന്നുള്ള കളിയായിരുന്നു ഇന്ന്. കാത്തിരുന്ന് പന്തുകള്‍ കട്ട് ചെയ്തു, പുള്‍ ചെയ്തു. കണ്ടപാടെ അടി തുടങ്ങിയില്ല. അതാണ് രോഹിത് ശര്‍മ്മ ഇന്ന് നന്നായി ബാറ്റ് ചെയ്യാനുള്ള കാരണം' എന്നും ഗാവസ്‌കര്‍ മത്സരത്തിനിടെ കമന്‍ററി ബോക്‌സില്‍ പറഞ്ഞു. 

തുടക്കം മുതല്‍ അമിതമായി ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്ന രോഹിത് ശര്‍മ്മയുടെ പുത്തന്‍ ശൈലി കഴിഞ്ഞ മത്സരത്തിലടക്കം വലിയ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ആക്രമിച്ചും നിലയുറപ്പിച്ചും 20 പന്തില്‍ നാല് വീതം ഫോറും സിക്‌സും സഹിതം 46* റണ്‍സെടുത്ത് രോഹിത് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. മത്സരം ആറ് വിക്കറ്റിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തു. 

മഴമൂലം എട്ടോവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ഓസ്ട്രേലിയ നേടിയ 90 റണ്‍സ് ആറ് വിക്കറ്റ് കയ്യിലിരിക്കേ ഇന്ത്യ നാല് പന്ത് ശേഷിക്കേയാണ് മറികടന്നത്. 46 റണ്‍സെടുത്ത രോഹിത്തിനൊപ്പം 2 പന്തില്‍ 10 റണ്‍സുമായി ദിനേശ് കാര്‍ത്തിക് പുറത്താകാതെ നിന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 9 റണ്‍സ് വേണ്ടപ്പോള്‍ ഡാനിയേല്‍ സാംസിനെ ആദ്യ പന്ത് സിക്‌സിനും രണ്ടാമത്തേത് ഫോറിനും പായിക്കുകയായിരുന്നു ഡികെ. നേരത്തെ, 15 പന്തില്‍ 31 റണ്‍സുമായി ആരോണ്‍ ഫിഞ്ചും 20 പന്തില്‍ പുറത്താകാതെ 43 റണ്‍സെടുത്ത മാത്യൂ വെയ്‌ഡുമാണ് ഓസീസിന് എട്ട് ഓവറില്‍ 90-5 എന്ന മികച്ച സ്‌കോറൊരുക്കിയത്. ഇന്ത്യക്കായി സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ രണ്ട് ഓവറില്‍ 13 റണ്‍സിന് 2 വിക്കറ്റ് നേടി. 

ഇങ്ങനെ 'തേക്കല്ലേ',കോടികള്‍ ഉണ്ടായിട്ടും ഗ്രൗണ്ട് ഉണക്കാന്‍ ഇസ്തിരിപ്പെട്ടി, ബിസിസിഐയെ എയറില്‍ കയറ്റി ആരാധകര്‍

click me!