Asianet News MalayalamAsianet News Malayalam

ഇങ്ങനെ 'തേക്കല്ലേ',കോടികള്‍ ഉണ്ടായിട്ടും ഗ്രൗണ്ട് ഉണക്കാന്‍ ഉപകരണങ്ങളില്ല, ബിസിസിഐയെ എയറില്‍ കയറ്റി ആരാധകര്‍

ലോകത്തിലെ ഏറ്റവും സമ്പന്നമായ കായികസംഘടനകളിലൊന്നായിട്ടും ഗ്രൗണ്ട് ഉണക്കാനുള്ള സജ്ജീകരണങ്ങളോരുക്കാനോ ഉപകരണങ്ങള്‍ നല്‍കാനോ കഴിയാത്ത ബിസിസിഐയെ ആരാധകര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

Iron box and Hair Dryer Used to Dry Pitch and outfield in Nagpur,  Fans roasts BCCI
Author
First Published Sep 24, 2022, 10:40 AM IST

നാഗ്‌പൂര്‍: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം മഴമൂലം തടസപ്പെട്ടപ്പോള്‍ നിരാശരായത് ആരാധകരായിരുന്നു. മൊഹാലിയിലെ തോല്‍വിക്ക് ഇന്ത്യ പകരം വീട്ടുന്നത് കാണാന്‍ ഗ്രൗണ്ടിലെത്തിയ പതിനായിരങ്ങളും ടെലിവിഷനിലൂടെ മത്സരം കാണാനിരുന്ന ലക്ഷക്കണക്കിന് ആരാധകരും മഴയുടെ കളിയില്‍ ഒരുപോലെ നിരാശരായി. മത്സര സമയത്ത് മഴ മാറി നിന്നെങ്കിലും ഉച്ചവരെ പെയ്ത മഴയില്‍ ഗ്രൗണ്ടിലെ ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നതായിരുന്നു മത്സരം തുടങ്ങാന്‍ വൈകിയതിന് കാരണം.

നനഞ്ഞ ഔട്ട് ഫീല്‍ഡില്‍ കളി നടത്തുന്നത് കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടുമെന്നതിനാല്‍ അമ്പയര്‍മാര്‍ ഗ്രൗണ്ട് പൂര്‍ണസജ്ജമായശേഷമെ മത്സരം ആരംഭിച്ചുള്ളു. ഇതോടെ മത്സരം എട്ടോവര്‍ വീതമാക്കി ചുരുക്കേണ്ടിവന്നു. ഏഴ് മണിക്ക് തുടങ്ങേണ്ട മത്സരം ആരംഭിച്ചത് 9.30നായിരുന്നു. ഗ്രൗണ്ട് മത്സരസജ്ജമാക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് നടത്തിയ അക്ഷീണ പരിശ്രമമാണ് എട്ടോവര്‍ മത്സരമെങ്കിലും സാധ്യമാക്കിയത്. മത്സരശേഷം ഗ്രൗണ്ട് സ്റ്റാഫിന്‍റെ പ്രയത്നത്തെ നായകന്‍ രോഹിത് ശര്‍മ അഭിനന്ദിച്ചപ്പോള്‍ കോച്ച് രാഹുല്‍ ദ്രാവിഡ് അവരെ നേരില്‍ക്കണ്ട് അഭിനന്ദിച്ചു.

ആദ്യം കൈവിട്ടു, പിന്നെ എറിഞ്ഞു വീഴ്ത്തി; കാണാം ഗ്രീനിനെ പുറത്താക്കിയ കോലിയുടെ ബുള്ളറ്റ് ത്രോ-വീഡിയോ

എന്നാല്‍ മത്സരം തുടങ്ങും മുമ്പ് ഔട്ട് ഫീല്‍ഡ് ഉണക്കാനായി ഗ്രൗണ്ട് പണി പതിനെട്ടും പയറ്റിയത് ആരാധരില്‍ കൗതുകമുണര്‍ത്തി. ലോകത്തിലെ ഏറ്റവും സമ്പന്നമായ കായികസംഘടനകളിലൊന്നായിട്ടും ഗ്രൗണ്ട് ഉണക്കാനുള്ള സജ്ജീകരണങ്ങളോരുക്കാനോ ഉപകരണങ്ങള്‍ നല്‍കാനോ കഴിയാത്ത ബിസിസിഐയെ ആരാധകര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഇത്രയേറെ പണമുണ്ടായിട്ടും ഗ്രൗണ്ടില്‍ ശരിയായ ഡ്രെയിനേജ് സൗകര്യം ഒരുക്കാന്‍ കഴിയാത്തതില്‍ ബിസിസിഐക്ക് നാണക്കേടില്ലെ എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാല്‍ വിമർശിക്കാന്‍ ആരാധകർ ഉപയോഗിച്ച ചില ചിത്രം പഴയതായിരുന്നു.  

എന്തായാലും 20 ഓവര്‍ മത്സരം കാണാന്‍ ടിക്കറ്റെടുത്ത ആരാധകര്‍ക്ക് എട്ടോവര്‍ മത്സരമെങ്കിലും കാണാനായി എന്നത് മാത്രമാണ് ആശ്വാസം. ഒപ്പം ഇന്ത്യ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തി എന്നതും അവരെ ആവേശത്തിലാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ടോവറില്‍ 90 റണ്‍സടിച്ചപ്പോള്‍ നാലു പന്ത് ബാക്കി നിര്‍ത്തി നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

Follow Us:
Download App:
  • android
  • ios