അയ്യയ്യേ ഇത് നാണക്കേട്; ഹാട്രിക് ഗോള്‍ഡന്‍ ഡക്കായി സൂര്യകുമാര്‍ യാദവ്

By Web TeamFirst Published Mar 22, 2023, 9:11 PM IST
Highlights

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായി

ചെന്നൈ: സൂര്യകുമാര്‍ യാദവിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കണം എന്ന മുറവിളിയൊന്നും ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് കേട്ടില്ല. ചെന്നൈയില്‍ ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ഏകദിനത്തിലും സൂര്യക്ക് ടീം അവസരം നല്‍കി. എന്നാല്‍ ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്ററെ തേടിയെത്തിയത് വലിയ നാണക്കേടാണ്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ചെന്നൈ ഏകദിനത്തില്‍ ആഷ്‌ടണ്‍ അഗറിന്‍റെ പന്തിലാണ് സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ ബോളില്‍ മടങ്ങിയത്. 

ഏകദിനങ്ങളിലെ സൂര്യകുമാര്‍ യാദവിന്‍റെ മോശം ഫോമിനെ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ന്യായീകരിക്കുന്നുണ്ടെങ്കിലും ഇനിയൊരു പരാജയം കൂടി സംഭവിച്ചാല്‍ ഏകദിനങ്ങളില്‍ സൂര്യയെ പിന്തുണക്കുക ഇരുവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് ചെന്നൈ മത്സരത്തിന് മുന്നേ വ്യക്തമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഒരേ രീതിയിലാണ് സൂര്യ പുറത്തായത്. ഇതോടെ മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ താരങ്ങളായ വസീം ജാഫറും ആകാശ് ചോപ്രയും അടക്കമുള്ളവര്‍ സഞ്ജുവിനായി പരസ്യമായി രംഗത്തെത്തുകയും ചെയ്‌തതാണ്. എന്നിട്ടും ചെന്നൈയില്‍ ടീം ഇന്ത്യ വീണ്ടും സൂര്യക്ക് അവസരം നല്‍കുകയായിരുന്നു. പക്ഷേ, ടീമിന്‍റെ വിശ്വാസം കാക്കാനാവാതെ പോയ താരം തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ ഡക്കായി. 

ചെന്നൈ ഏകദിനത്തില്‍ ടീം ഇന്ത്യ 270 റണ്‍സ് വിജയലക്ഷ്യമാണ് പിന്തുടരുന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറില്‍ 269 റണ്‍സില്‍ എല്ലാവരും പുറത്തായി. 31 പന്തില്‍ 33 റണ്ണുമായി ട്രാവിസ് ഹെഡും 47 പന്തില്‍ 47 റണ്‍സുമായി മിച്ചല്‍ മാര്‍ഷും നല്‍കിയ തുടക്കം മുതലാക്കാന്‍ ഓസീസിനായില്ല. നായകന്‍ സ്റ്റീവ് സ്‌മിത്ത്(0), ഡേവിഡ് വാര്‍ണര്‍(23), മാര്‍നസ് ലബുഷെയ്‌ന്‍(28), അലക്‌സ് ക്യാരി(38), മാര്‍ക്കസ് സ്റ്റോയിനിസ്(25), ഷോണ്‍ അബോട്ട്(26), ആഷ്‌ടണ്‍ അഗര്‍(17), മിച്ചല്‍ സ്റ്റാര്‍ക്ക്(10), ആദം സാംപ(10*) എന്നിങ്ങനെയായിരുന്നു സ്കോര്‍. ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വീതവും മുഹമ്മദ് സിറാജും അക്‌സര്‍ പട്ടേലും രണ്ട് വീതവും വിക്കറ്റ് നേടി.

സൂര്യയുടെ ലാസ്റ്റ് ചാന്‍സ്, ഇന്നും പരാജയപ്പെട്ടാല്‍ പിന്നെ സഞ്ജുവിനെ വിളിക്കാതെ വഴിയില്ല

click me!