Asianet News MalayalamAsianet News Malayalam

സൂര്യയുടെ ലാസ്റ്റ് ചാന്‍സ്, ഇന്നും പരാജയപ്പെട്ടാല്‍ പിന്നെ സഞ്ജുവിനെ വിളിക്കാതെ വഴിയില്ല

ആദ്യ രണ്ട് മത്സരങ്ങളിലും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഒരേരീതിയില്‍ സൂര്യ പുറത്തായപ്പോള്‍ തന്നെ മലയാളി താരം സഞ്ജു സാംസണെ പകരം പരിഗണിക്കണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ താരങ്ങളായ വസീം ജാഫറും ആകാശ് ചോപ്രയും അടക്കമുള്ളവര്‍ സഞ്ജുവിനായി പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

Chennai ODI will be Suryakumar Yadav's life line for ODI Spot gkc
Author
First Published Mar 22, 2023, 1:49 PM IST

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായി പുറത്തായ സൂര്യകുമാര്‍ യാദവിനെ മൂന്നാം ഏകദിനത്തിലും പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തി ടീം ഇന്ത്യ. ടി20യിലെ മിന്നുന്ന ഫോം ഇതുവരെ ഏകദിനങ്ങളില്‍ പുറത്തെടുക്കാന്‍ കഴിയാത്ത സൂര്യക്ക് ഏകദിന ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇന്നത്തെ മത്സരം. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരുടെ പകരക്കാരനായി സൂര്യയെ പരിഗണിക്കണമെങ്കില്‍ ഇന്നത്തെ മത്സരത്തിലെങ്കിലും സൂര്യക്ക് തിളങ്ങിയേ മതിയാവു.

ഏകദിനങ്ങളിലെ സൂര്യയുടെ മോശം ഫോമിനെ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ന്യായീകരിക്കുന്നുണ്ടെങ്കിലും ഇനിയൊരു പരാജയം കൂടി സംഭവിച്ചാല്‍ ഏകദിനങ്ങളില്‍ സൂര്യയെ പിന്തുണക്കുക ഇരുവര്‍ക്കും ബുദ്ധിമുട്ടാകും. ആദ്യ രണ്ട് മത്സരങ്ങളിലും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഒരേരീതിയില്‍ സൂര്യ പുറത്തായപ്പോള്‍ തന്നെ മലയാളി താരം സഞ്ജു സാംസണെ പകരം പരിഗണിക്കണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ താരങ്ങളായ വസീം ജാഫറും ആകാശ് ചോപ്രയും അടക്കമുള്ളവര്‍ സഞ്ജുവിനായി പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

പരിക്കേറ്റ ശ്രേയസ് അയ്യര്‍ ശസ്ത്രക്രിയക്ക് വിധേയനാവുന്നതിനാല്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും വിശ്രമം ആവശ്യംവരുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ നാലാം നമ്പറില്‍ സൂര്യക്ക് പകരം സഞ്ജുവിന് അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതമാവുമെന്നാണ് കണക്കാക്കുന്നത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ സഞ്ജുവിന്‍റെ ഐപിഎല്ലിലെ പ്രകടനവും നിര്‍ണായകമാകും. ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയാല്‍ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കാന്‍ സെലക്ടര്‍മാര്‍ക്കാവില്ല.

ക്യാപ്റ്റൻ ടോപ് ഗിയറിലാ, നാലുപാടും ബിഗ് ഷോട്ടുകൾ; സഞ്ജുവിന്റെ വീഡിയോയുമായി രാജസ്ഥാൻ റോയൽസ്

പ്രത്യേകിച്ച് സഞ്ജുവിന് പകരം അവസരം നല്‍കിയ സൂര്യയും ഇഷാന്‍ കിഷനും ഫോമിലാവാത്ത സാഹചര്യത്തില്‍. ഐപിഎല്ലിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുംശേഷം ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരകളില്‍ സഞ്ജുവിനെ പരിഗണിച്ചാല്‍ ലോകകപ്പ് ടീമിലും ഇടം നേടാനുള്ള സാധ്യയതാണ് സഞ്ജുവിന് മുന്നിലുള്ളത്.

ഏകദിനങ്ങളില്‍ ഇതുവരെ കളിച്ച 18 ഇന്നിംഗ്സുകളില്‍ 28.87 ശരാശരിയില്‍ 433 റണ്‍സാണ് സൂര്യ നേടിയത്.സ്ട്രൈക്ക് റേറ്റ് 102.85 ആണ്. എന്നാല്‍ ഇന്ത്യക്കായി ഇതുവരെ കളിച്ച 10 ഏകദി ഇന്നിംഗ്സുകളില്‍ 66 റണ്‍സ് ശരാശരിയിലും 104.76 സ്ട്രൈക്ക് റേറ്റിലും 330 റണ്‍സടിച്ച സഞ്ജുവിനെ എത്രകാലം അവഗണിക്കാനാവുമെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകപക്ഷത്തു നിന്ന് ഉയരുന്നത്. 

Follow Us:
Download App:
  • android
  • ios