ഗ്രീന്‍ തുടക്കമിട്ടു, ഡേവിഡ് പൂര്‍ത്തിയാക്കി, ഓസീസിന് മികച്ച സ്കോര്‍; ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

By Jomit JoseFirst Published Sep 25, 2022, 8:48 PM IST
Highlights

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിനായി കാമറൂണ്‍ ഗ്രീന്‍ താണ്ഡവമാടുന്നതാണ് ആദ്യ ഓവര്‍ മുതല്‍ കണ്ടത്

ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ തുടക്കത്തില്‍ അടിവാങ്ങി വലഞ്ഞ ശേഷം ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും സന്ദര്‍ശകര്‍ക്ക് മികച്ച സ്കോര്‍. കാമറൂണ്‍ ഗ്രീനിന്‍റെ മിന്നും തുടക്കത്തിന് ശേഷം മധ്യ ഓവറുകളില്‍ വലഞ്ഞ ഓസീസ് ടിം ഡേവിഡിന്‍റെ ഫിനിഷിംഗ് മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സെടുത്തു. ഗ്രീന്‍ 21 പന്തില്‍ 52 ഉം ഡേവിഡ് 27 പന്തില്‍ 54 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി. 

എന്തൊരു അടിയാണ് ഗ്രീന്‍!

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിനായി കാമറൂണ്‍ ഗ്രീന്‍ താണ്ഡവമാടുന്നതാണ് ആദ്യ ഓവര്‍ മുതല്‍ കണ്ടത്. നായകന്‍ ആരോണ്‍ ഫിഞ്ച് 6 പന്തില്‍ 7 റണ്‍സെടുത്ത് അക്‌സര്‍ പട്ടേലിന്‍റെ പന്തില്‍ പുറത്തായതൊന്നും ഗ്രീനിനെ ഉലച്ചില്ല. 19 പന്തില്‍ ഗ്രീന്‍ അമ്പത് തികച്ചു. ഇന്ത്യക്കെതിരെ വേഗമാര്‍ന്ന ടി20 ഫിഫ്റ്റിയുടെ റെക്കോര്‍ഡ് ഇതോടെ ഗ്രീനിന് സ്വന്തമായി. ഓസീസ് ഇന്നിംഗ്‌സില്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തില്‍ ഗ്രീന്‍ പുറത്താകുമ്പോള്‍ 21 പന്തില്‍ 52 റണ്‍സുണ്ടായിരുന്നു സ്വന്തം പേരില്‍. ഗ്രീന്‍ ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി. പവര്‍പ്ലേയില്‍ ഓസീസ് സ്കോര്‍ 66-2. പിന്നാലെ ഗ്ലെന്‍ മാക്‌സ്‌വെല്‍(11 പന്തില്‍ 6) അക്‌സര്‍ പട്ടേലിന്‍റെ ത്രോയില്‍ പുറത്തായി. 

ഒന്നൊന്നര തിരിച്ചുവരവ്

പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ അതിശക്തമായി മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് കണ്ടത്. ചാഹലിനെ ക്രീസ് വിട്ടിറങ്ങി നേരിടാന്‍ ശ്രമിച്ച സ്റ്റീവ് സ്‌മിത്തിനെ 10-ാം ഓവറിലെ രണ്ടാം പന്തില്‍ ഡികെ സ്റ്റംപ് ചെയ്തു. സ്‌മിത്ത് 10 പന്തില്‍ 9 റണ്‍സേ നേടിയുള്ളൂ. അക്‌സര്‍ എറിഞ്ഞ 14-ാം ഓവറില്‍ ജോഷ് ഇംഗ്ലിസ് 22 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ഇതേ ഓവറില്‍ കഴിഞ്ഞ മത്സരങ്ങളിലെ വെടിക്കെട്ട് വീരന്‍ മാത്യൂ വെയ്‌ഡിനെയും നിലംതൊടാന്‍ അക്‌സര്‍ അനുവദിച്ചില്ല. മൂന്ന് പന്തില്‍ 1 റണ്‍സുമായി വെയ്‌ഡ് റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായി. ഇതോടെ അക്‌സറിന് മത്സരത്തില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റായി. 

പക്ഷേ ടിം ഡേവിഡ്

17 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഓസീസ് സ്‌കോര്‍ 140-6. എന്നാല്‍ പിന്നീട് കഥമാറി. ഓസീസിനെ ടിം ഡേവിഡും ഡാനിയേല്‍ സാംസും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും 26 പന്തില്‍ ഫിഫ്റ്റി കൂട്ടുകെട്ടുണ്ടാക്കി. 17-ാം ഓവറില്‍ ഭുവിയെ ടിം ഡേവിഡ് തുടര്‍ച്ചയായി രണ്ട് സിക്‌സുകളും ഒരു ഫോറും പറത്തിയതോടെ ഓവറില്‍ 21 റണ്‍സ് ഇന്ത്യ വഴങ്ങി. ബുമ്രയുടെ 19-ാം ഓവറില്‍ 18 റണ്ണും പിറന്നു. ഹര്‍ഷലിന്‍റെ 20-ാം ഓവറിലെ ആദ്യ പന്ത് സിക്‌സ് പറത്തി ഡേവിഡ് 25 പന്തില്‍ അമ്പത് തികച്ചു. മൂന്നാം പന്തില്‍ ഡേവിഡ്(27 പന്തില്‍ 54) പുറത്തായി. പിന്നീടുള്ള മൂന്ന് പന്തുകളില്‍ സാംസിനും കമ്മിന്‍സിനും തിളങ്ങാനായില്ല. സാംസ് 20 പന്തില്‍ 28* ഉം കമ്മിന്‍സ് അക്കൗണ്ട് തുറക്കാതെയും പുറത്താകാതെ നിന്നു. 

ബുമ്രയുടെയും ഭുവിയുടെയും അക്‌സറിന്‍റേയും കിളിപാറിച്ച വെടിക്കെട്ട്; കാമറൂണ്‍ ഗ്രീനിന് റെക്കോര്‍ഡ്

click me!