ബുമ്രയുടെയും ഭുവിയുടെയും അക്‌സറിന്‍റേയും കിളിപാറിച്ച വെടിക്കെട്ട്; കാമറൂണ്‍ ഗ്രീനിന് റെക്കോര്‍ഡ്

By Jomit JoseFirst Published Sep 25, 2022, 8:02 PM IST
Highlights

ഇന്ത്യക്കെതിരെ ടി20 ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോര്‍ഡ് കാമറൂണ്‍ ഗ്രീനിന് സ്വന്തമായി

ഹൈദരാബാദ്: ഹമ്മേ, ഈ അടിയുടെ ഞെട്ടല്‍ ജസ്പ്രീത് ബുമ്രക്കും ഭുവനേശ്വര്‍ കുമാറിനും അക്‌സര്‍ പട്ടേലിനും ഉടനെയൊന്നും മാറില്ല. എന്തിനും പോന്ന ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ഓപ്പണറായി ഇറങ്ങി കളംപിടിച്ച കാമറൂണ്‍ ഗ്രീന്‍ ഇന്ത്യക്കെതിരെ മൂന്നാം ടി20യിലും ചങ്ക് പിടയുന്ന ഹിറ്റാണ് കാഴ്‌ചവെച്ചത്. വെറും 19 പന്തില്‍ അര്‍ധ സെ‍ഞ്ചുറി തികച്ച താരം ഒരു റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. 

ഭുവിയുടെ ആദ്യ ഓവറില്‍ ഓരോ സിക്‌സും ബൗണ്ടറിയുമായി 12, അക്‌സറിന്‍റെ രണ്ടാം ഓവറില്‍ രണ്ട് ഫോറുകളോടെ 11, ബുമ്രയുടെ മൂന്നും ഓവറില്‍ തുടര്‍ച്ചയായ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 17, അക്‌സറിന്‍റെ നാലാം ഓവറില്‍ തുടര്‍ച്ചയായ മൂന്ന് ബൗണ്ടറികള്‍ ഉള്‍പ്പടെ 16 എന്നിങ്ങനെയാണ് ഗ്രീനിന്‍റെ ഹിറ്റിംഗ് പവറില്‍ സ്കോര്‍ ബോര്‍ഡില്‍ ഓസീസ് എഴുതിച്ചേര്‍ത്തത്. ഇതോടെ ഇന്ത്യക്കെതിരെ ടി20 ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോര്‍ഡ് കാമറൂണ്‍ ഗ്രീനിന് സ്വന്തമായി. 2016ല്‍ 20 പന്തില്‍ 50തിലെത്തിയ ജോണ്‍ ചാള്‍സിന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 2009ല്‍ നാഗ്‌പൂരില്‍ 21 പന്തില്‍ ഫിഫ്റ്റി കണ്ടെത്തിയ കുമാര്‍ സംഗക്കാര പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. രാജ്യാന്തര ടി20യില്‍ ഓസീസ് താരങ്ങളുടെ വേഗമാര്‍ന്ന നാലാമത്തെ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡും ഗ്രീനിന് ഹൈദരാബാദില്‍ സ്വന്തമായി. 

ഹൈദരാബാദില്‍ അഞ്ചാം ഓവറിലെ അവസാന പന്തില്‍ ഭുവിയാണ് കാമറൂണ്‍ ഗ്രീനിനെ പുറത്താക്കിയത്. ഗ്രീനിന്‍റെ ഷോട്ട് എഡ്‌ജായി കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തുകയായിരുന്നു. നേരത്തെ ആദ്യ ടി20യില്‍ ഓസീസ് നാല് വിക്കറ്റിന് വിജയിച്ചപ്പോള്‍ 30 പന്തില്‍ 61 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനായിരുന്നു ടോപ് സ്കോറര്‍. അന്ന് എട്ട് ഫോറും നാല് സിക്‌സും ഗ്രീന്‍ പറത്തി. അക്‌സര്‍ പട്ടേലിനായിരുന്നു വിക്കറ്റ്. 

എന്തുകൊണ്ട് റിഷഭ് പുറത്ത്, ഭുവി തിരികെ? കാരണം വിശദമാക്കി രോഹിത് ശര്‍മ്മ

click me!