ആശാനെ പിന്തള്ളി ശിഷ്യന്‍; ദ്രാവിഡിന്‍റെ റെക്കോര്‍ഡ് പുഷ്‌പം പോലെ തകര്‍ത്ത് കോലി

By Jomit JoseFirst Published Sep 26, 2022, 7:32 AM IST
Highlights

ഓസീസിനെതിരായ ടി20 പരമ്പരയ്ക്കിറങ്ങുമ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിലേക്ക് വിരാട് കോലിക്ക് 63 റണ്‍സിന്‍റെ അകലമേയുണ്ടായിരുന്നുള്ളൂ

ഹൈദരാബാദ്: ഏഷ്യാ കപ്പിലെ ഫോം ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തിരിച്ചുപിടിച്ച ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് റെക്കോര്‍ഡ്. ടീം ഇന്ത്യക്കായി രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നിലവിലെ പരിശീലകനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡിനെ മറികടന്ന് കോലി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 

ഓസീസിനെതിരായ ടി20 പരമ്പരയ്ക്കിറങ്ങുമ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിലേക്ക് വിരാട് കോലിക്ക് 63 റണ്‍സിന്‍റെ അകലമേയുണ്ടായിരുന്നുള്ളൂ. 24064 റണ്‍സുമായി രാഹുല്‍ ദ്രാവിഡാണ് കിംഗിന് തൊട്ടുമുന്നിലുണ്ടായിരുന്നത്. ആദ്യ രണ്ട് ടി20കളില്‍ 2, 11 എന്നിങ്ങനെ മാത്രമാണ് കോലി സ്കോര്‍ നേടിയത്. എന്നാല്‍ മൂന്നാം ടി20യില്‍ അര്‍ധ സെഞ്ചുറി കണ്ടെത്തിയ കോലി തന്‍റെ സമ്പാദ്യം 24078ലെത്തിച്ചു. 34357 റണ്‍സുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ തലപ്പത്ത്. 102 ടെസ്റ്റില്‍ 8074 റണ്‍സും 262 ഏകദിനങ്ങളില്‍ 12344 റണ്‍സും 104 രാജ്യാന്തര ടി20കളില്‍ 3660 റണ്‍സുമാണ് വിരാട് കോലിയുടെ സമ്പാദ്യം. 

ഓസീസിനെതിരായ മൂന്നാം ടി20 ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ച് പരമ്പര 2-1ന് സ്വന്തമാക്കിയപ്പോള്‍ വിരാട് കോലി അര്‍ധ സെഞ്ചുറി നേടിയിരുന്നു. 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.5 ഓവറില്‍ നാല് വിക്കറ്റിന് സ്വന്തമാക്കുകയായിരുന്നു. കോലി 48 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സറുകളോടെയും 63 റണ്‍സെടുത്തു. 36 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും സഹിതം 69 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്‍റെ പേസ് നിയന്ത്രിച്ചത്. 16 പന്തില്‍ പുറത്താകാതെ 25* റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ ഫിനിഷറായി. 

നേരത്തെ 21 പന്തില്‍ 52 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും 27 പന്തില്‍ 54 റണ്‍സെടുത്ത ടിം ഡേവിഡും 20 പന്തില്‍ 28* റണ്‍സുമായി ഡാനിയേല്‍ സാംസുമാണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്. അക്‌സര്‍ പട്ടേല്‍ മൂന്ന് പേരെ പുറത്താക്കി. 

സൂര്യകുമാര്‍-കോലി വെടിക്കെട്ട്, പാണ്ഡ്യ ഫിനിഷിംഗ്; ഓസീസിനെതിരെ ഇന്ത്യക്ക് ജയം, ടി20 പരമ്പര

click me!