
ഇന്‍ഡോർ: ടീം ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കുമോ അതോ ഓസീസ് ശക്തമായി തിരിച്ചെത്തുമോ? ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് നാളെ ആരംഭിക്കുമ്പോള്‍ ആകാംക്ഷ ഇരട്ടിക്കുകയാണ്. ഇരു ടീമുകളിലും മാറ്റമുറപ്പാണ് എന്നിരിക്കേ മൂന്ന് ശ്രദ്ധേയ താരപോരാട്ടങ്ങള്‍ ഇന്‍ഡോർ ടെസ്റ്റ് ചൂടുപിടിപ്പിക്കും.
രോഹിത് ശർമ്മ- മിച്ചല്‍ സ്റ്റാർക്ക്
നാല് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ സെഞ്ചുറി നേടിയ ഏക ബാറ്ററാണ് രോഹിത് ശർമ്മ. പരമ്പരയില്‍ ഇതുവരെ ഉയർന്ന സ്കോറുകാരനും ഹിറ്റ്മാന്‍ തന്നെ. ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായി തിരിച്ചെത്തുന്ന ഇടംകൈയന്‍ സ്റ്റാർ പേസർ മിച്ചല്‍ സ്റ്റാർക്കിന്‍റെ ആദ്യ സ്പെല്‍ അതിജീവിക്കുകയാവും ഇന്‍ഡോറിലെ പേസ് പിന്തുണയുള്ള പിച്ചില്‍ രോഹിത് ശർമ്മയുടെ വെല്ലുവിളി. എന്നാല്‍ സ്റ്റാർക്കിനെതിരെ ടെസ്റ്റില്‍ 61 റണ്‍സ് നേടിയപ്പോള്‍ ഒരിക്കല്‍ പോലും പുറത്തായിട്ടില്ല എന്ന റെക്കോർഡ് രോഹിത്തിന് ആത്മവിശ്വാസം നല്‍കും. ഇതിനാല്‍ തന്നെ ഇരുവരും തമ്മിലുള്ള പോരാട്ടം ആവേശമാകും.
ചേതേശ്വർ പൂജാര-നേഥന്‍ ലിയോണ്‍
ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററും ഓസീസിന്‍റെ ഏറ്റവും മികച്ച സ്പിന്നറും തമ്മിലുള്ള പോരാട്ടം. ഫോമില്ലെങ്കിലും ഇന്ത്യയുടെ മൂന്നാം നമ്പറിലെ ബാറ്ററായ പൂജാരയ്ക്ക് ലിയോണിന്‍റെ കറങ്ങും പന്തുകള്‍ വെല്ലുവിളിയാകുമോ എന്ന് കണ്ടറിയണം. പരമ്പരയില്‍ ഓഫ് സ്‍പിന്നിനെതിരെ കാര്യമായി തിളങ്ങാന്‍ പൂജാരയ്ക്കായിരുന്നില്ല. നൂറാം ടെസ്റ്റില്‍ ലിയോണിന് മുന്നില്‍ പൂജ്യത്തില്‍ പൂജാര പുറത്തായിരുന്നു. ദില്ലിയിലെ രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ നിന്ന പൂജാര ഫോമിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട് എന്നത് ലിയോണിന് തലവേദനയാവും. ടെസ്റ്റില്‍ 11 തവണയാണ് ലിയോണിന് വിക്കറ്റ് സമ്മാനിച്ച് പൂജാര നല്‍കിയത്.
ട്രാവിസ് ഹെഡ്-രവിചന്ദ്രന്‍ അശ്വിന്‍
പരിക്കേറ്റ ഡേവിഡ് വാർണർ നാട്ടിലേക്ക് മടങ്ങി എന്നതിനാല്‍ ട്രാവിസ് ഹെഡാവും ഇന്‍ഡോറില്‍ ഓസീസിനായി ഉസ്‍മാന്‍ ഖവാജയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ദില്ലി ടെസ്റ്റില്‍ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ 46 പന്തില്‍ 43 റണ്‍സ് നേടിയത് ഇടംകൈയനായ ഹെഡിന്‍റെ പ്രഹരശേഷി വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ തുടക്കത്തിലെ വിക്കറ്റ് നഷ്ടമായില്ലെങ്കില്‍ ഹെഡിനെതിരെ അശ്വിനെ പ്രയോഗിക്കാന്‍ രോഹിത് ശർമ്മ മുതിർന്നേക്കും. ഇതിനകം രണ്ട് തവണ ഹെഡിനെ അശ്വിന്‍ പുറത്താക്കിയിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഭീഷണിയായി മുന്നേറുകയായിരുന്ന ഹെഡിനെ പുറത്താക്കിയത് അശ്വിനായിരുന്നു. പരിചയസമ്പത്ത് അശ്വിന് വീണ്ടും മുതല്‍ക്കൂട്ടാകുമോ എന്ന് കണ്ടറിയാം.
രണ്ട് പേർ പുറത്ത്, രണ്ട് മടങ്ങിവരവുകള്‍, കൂടുതല്‍ മാറ്റത്തിനും ഇട; ഓസീസ് സാധ്യതാ ഇലവന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!