സ്റ്റാർക്കിനും ഗ്രീനിനും പുറമെ മൂന്നാമതൊരു പേസ് ഓപ്ഷന്‍ വേണം എന്ന് ഓസീസിന് തോന്നിയാല്‍ ഒരു സ്‍പിന്നറുടെ കസേര ഇളകും
ഇന്‍ഡോർ: ഇന്ത്യന്‍ പിച്ചുകളിലെ സ്‍പിന്‍ കെണി അതിജീവിക്കാനാവാതെ നട്ടംതിരിയുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓസീസ് ദയനീയമായി തോറ്റു. നാഗ്‍പൂരില്‍ ഇന്നിംഗ്സിനും 132 റണ്‍സിനും ദില്ലിയില്‍ ആറ് വിക്കറ്റിനുമായിരുന്നു സന്ദർശകരുടെ തോല്‍വി. ഇതോടെ ഇന്‍ഡോറിലും അഹമ്മദാബാദിലും നടക്കുന്ന അവസാന രണ്ട് ടെസ്റ്റുകളില്‍ വിജയിച്ച് പരമ്പരയില്‍ സമനില പിടിക്കുകയാണ് ഓസീസിന്‍റെ ലക്ഷ്യം. ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കേ ഓസീസ് സാധ്യത ഇലവന്‍ നോക്കാം.
അമ്മയുടെ രോഗം കാരണം നാട്ടിലേക്ക് മടങ്ങിയ പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്‍മിത്ത് ക്യാപ്റ്റന്‍സിയിലേക്ക് തിരിച്ചുവരുന്നു എന്നതാണ് ഓസീസ് നിരയിലെ ശ്രദ്ധേയമായൊരു മാറ്റം. ഓപ്പണിംഗില്‍ പരിക്കേറ്റ് പുറത്തായ ഡേവിഡ് വാർണർക്ക് പകരം ട്രാവിസ് ഹെഡാവും ഉസ്‍മാന്‍ ഖവാജയ്ക്കൊപ്പം എത്തുക. ആക്രമിച്ച് കളിക്കുന്ന ഹെഡിന്‍റെ ശൈലി ഓസീസിന് നിർണായകമാകും. മൂന്നാം നമ്പറില്‍ മാർനസ് ലബുഷെയ്നും നാലാമനായി സ്റ്റീവ് സ്മിത്തും തുടരുമ്പോള്‍ ഇരുവരിലും നിന്ന് കൂടുതല്‍ റണ്‍സ് പ്രതീക്ഷിക്കുന്നുണ്ട് ടീം. പരിക്ക് മാറി മടങ്ങിയെത്തുന്ന ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീനാണ് ഇലവനിലെ ശ്രദ്ധേയമാവാന്‍ പോകുന്ന മറ്റൊരു താരം. കുറച്ച് കാലങ്ങളായി ഓസീസ് ടീമിന്‍റെ ബാലന്‍സ് നിലനിർത്തുന്ന താരമാണ് ഗ്രീന്‍.
വിക്കറ്റ് കീപ്പറായി അലക്സ് ക്യാരി തുടരുമ്പോള്‍ പീറ്റർ ഹാന്‍ഡ്‍സ്‍കോമ്പിനേയും ടീം നിലനിർത്തിയേക്കും. പേസ് നിരയില്‍ കമ്മിന്‍സിന്‍റെ അസാന്നിധ്യത്തില്‍ മിച്ചല്‍ സ്റ്റാർക്ക് തിരിച്ചുവരും എന്നുറപ്പാണ്. സ്‍പിന്നർമാരായി മാറ്റ് കുനെമാനും നേഥന്‍ ലിയോണും ടോഡ് മർഫിയും ഒരുമിച്ച് കളിക്കുമോ എന്നത് പ്രധാന ചോദ്യമാണ്. ഇന്‍ഡോറിലെ പിച്ച് വേഗക്കാരെ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകള്‍ എന്നതിനാല്‍ സ്റ്റാർക്കിനും ഗ്രീനിനും പുറമെ മൂന്നാമതൊരു പേസ് ഓപ്ഷന്‍ വേണം എന്ന് ഓസീസിന് തോന്നിയാല്‍ ഒരു സ്‍പിന്നറുടെ കസേര ഇളകും. അത് മാറ്റ് കുനെമാനാവാനാണ് സാധ്യത. ഇങ്ങനെ വന്നാല്‍ 150 കിലോമീറ്റർ വേഗത്തില്‍ പന്തെറിയാന്‍ ശേഷിയുള്ള ലാന്‍സ് മോറിസിന് അരങ്ങേറ്റത്തിന് അവസരം കിട്ടും.
മൂന്നാം ടെസ്റ്റിനുള്ള ഓസീസ് സ്ക്വാഡ്: സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റർ ഹാന്‍സ്‍കോമ്പ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാർനസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മർഫി, മിച്ചല്‍ സ്റ്റാർക്ക്, മാറ്റ് കുനെമാന്‍.
രാഹുല്‍ പുറത്താകും കൂടെ സൂപ്പര്‍ ഓള്‍ റൗണ്ടറും; ഇന്‍ഡോര്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
