താണ്ഡവമാടി കിംഗ് കോലി! അഹമ്മദാബാദ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്; ആശങ്ക ടീം ഇന്ത്യക്ക്

Published : Mar 12, 2023, 05:13 PM ISTUpdated : Mar 12, 2023, 05:33 PM IST
താണ്ഡവമാടി കിംഗ് കോലി! അഹമ്മദാബാദ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്; ആശങ്ക ടീം ഇന്ത്യക്ക്

Synopsis

ഒരു ദിവസം മാത്രം അവശേഷിക്കേ ഓസീസ് ഇന്ത്യന്‍ സ്കോറിനേക്കാള്‍ 88 റണ്‍സ് പിന്നിലാണ്

അഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ നാലാം ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്. 91 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഓസ്ട്രേലിയ നാലാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 3 റണ്‍സ് എന്ന നിലയിലാണ്. ട്രാവിസ് ഹെഡും(3*), മാത്യു കുനെമാനും(0*) ആണ് ക്രീസില്‍. ഒരു ദിവസം മാത്രം അവശേഷിക്കേ ഓസീസ് ഇന്ത്യന്‍ സ്കോറിനേക്കാള്‍ 88 റണ്‍സ് പിന്നിലാണ്. പിച്ച് ഇപ്പോഴും ബാറ്റിംഗിന് അനുകൂലമായതിനാല്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മത്സരം സമനിലയില്‍ അവസാനിക്കും. അഹമ്മദാബാദില്‍ ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടംപിടിക്കുകയായിരുന്നു മത്സരത്തിന് ഇറങ്ങുമ്പോള്‍ രോഹിത് ശർമ്മയുടെയും സംഘത്തിന്‍റേയും ലക്ഷ്യം. മത്സരം സമനിലയിലായാല്‍ ന്യൂസിലന്‍ഡ്-ലങ്ക പരമ്പര ഫലം ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. 

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടർന്ന ഇന്ത്യ 178.5 ഓവറില്‍ 571/9ല്‍ പുറത്താവുകയായിരുന്നു. 364 പന്തില്‍ 15 ഫോറുകളോടെ 186 റണ്‍സ് നേടിയ വിരാട് കോലിയാണ് അവസാനക്കാരനായി പുറത്തായത്. കോലി തന്നെയാണ് ഇന്ത്യയുടെ ടോപ്പറും. മൂന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി ടെസ്റ്റില്‍ മൂന്നക്കം കുറിച്ചത്. കോലിയുടെ 75-ാം രാജ്യാന്തര ശതകമാണിത്. പരിക്കേറ്റ ശ്രേയസ് അയ്യറിന് ബാറ്റിംഗിന് ഇറങ്ങാനാവാതെ വന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മാന്‍ ഗില്‍(128), രോഹിത് ശർമ്മ(35), ചേതേശ്വർ പൂജാര(42), രവീന്ദ്ര ജഡേജ(28), കെ എസ് ഭരത്(44), അക്സർ പട്ടേല്‍(79), രവിചന്ദ്രന്‍ അശ്വിന്‍(7), ഉമേഷ് യാദവ്(0)  മുഹമ്മദ് ഷമി(0*), എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍. 

വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ ടീം ഇന്ത്യ കുതിച്ചെങ്കിലും റണ്‍കയറ്റാനുള്ള ശ്രമങ്ങള്‍ക്കിടെ നാലാം ദിനം അവസാന സെഷനില്‍ വിക്കറ്റുകള്‍ വേഗം നഷ്ടമായി. ഇതോടെ കുറ്റനടികള്‍ക്ക് ശ്രമിച്ച അക്സർ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ വിക്കറ്റുകള്‍ തുടരെ നഷ്ടമായി. കോലിക്ക് ഡബിള്‍ ഓടി നല്‍കാനുള്ള ശ്രമത്തിനിടെ ഉമേഷ് യാദവ്, പീറ്റർ ഹാന്‍ഡ്സ്കോമ്പിന്‍റെ നേരിട്ടുള്ള ത്രോയില്‍ പുറത്താവുകയും ചെയ്തു. ഫീല്‍ഡർമാരെയെല്ലാം ബൗണ്ടറിലൈനില്‍ നിർത്തി കോലിയുടെ ക്യാച്ച് എടുക്കാനുള്ള സ്മിത്തിന്‍റെ ശ്രമം വിജയിച്ചതോടെ ഒരുവേള  555-6 എന്ന നിലയിലായിരുന്ന ഇന്ത്യ 571-9 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ലബുഷെയ്നായിരുന്നു കിംഗിന്‍റെ ക്യാച്ച്. സന്ദർശകർക്കായി നേഥന്‍ ലിയോണും ടോഡ് മർഫിയും മൂന്ന് വീതവും മിച്ചല്‍ സ്റ്റാർക്കും മാത്യൂ കുനേമാനും ഓരോ വിക്കറ്റും നേടി. 

നേരത്തെ, നേരത്തെ ഉസ്‌മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസീസിന് മികച്ച ആദ്യ ഇന്നിംഗ്സ് സ്കോര്‍ സമ്മാനിച്ചത്. 422 പന്ത് നേരിട്ട് ഖവാജ 180 ഉം, 170 പന്ത് നേരിട്ട് ഗ്രീന്‍ 114 ഉം റണ്‍സ് സ്വന്തമാക്കി. വാലറ്റത്ത് നേഥന്‍ ലിയോണും(34), ടോഡ് മ‍ര്‍ഫിയും(41) നേടിയ റണ്ണുകള്‍ നിര്‍ണായകമായി. നായകന്‍ സ്റ്റീവ് സ്മിത്ത് 38ലും ട്രാവിസ് ഹെഡ് 32ലും പുറത്തായി. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ ആറ് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജയും അക്സ‍ര്‍ പട്ടേലും ഓരോ വിക്കറ്റും സ്വന്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ആ പോരാട്ടത്തിനായി ഞങ്ങള്‍ ഇപ്പോഴേ റെഡിയാണ്', ലോകകപ്പിലെ ആവേശപ്പോരിന് മുമ്പ് പാകിസഥാനെ മുന്നറിയിപ്പുമായി തിലക് വര്‍മ
ലോകകപ്പില്‍ ആദ്യം, ടി20 ചരിത്രത്തില്‍ തന്നെ മൂന്നാം തവണ, ഇരട്ട സൂപ്പർ ഓവറില്‍ രണ്ട് തവണയും കണ്ണീര്‍ കുടിച്ചത് അഫ്ഗാന്‍