
അഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടർന്ന ഇന്ത്യ 571/9ല്‍ പുറത്ത്. 364 പന്തില്‍ 186 റണ്‍സ് നേടിയ വിരാട് കോലിയാണ് അവസാനക്കാരനായി പുറത്തായത്. പരിക്കേറ്റ ശ്രേയസ് അയ്യറിന് ബാറ്റിംഗിന് ഇറങ്ങാനായില്ല. ആദ്യ ഇന്നിംഗ്സില്‍ 91 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യക്കുള്ളത്. വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ ടീം ഇന്ത്യ കുതിച്ചെങ്കിലും റണ്‍കയറ്റാനുള്ള ശ്രമങ്ങള്‍ക്കിടെ നാലാം ദിനം അവസാന സെഷനില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. ലിയോണും മർഫിയും മൂന്ന് വീതവും സ്റ്റാർക്കും കുനേമാനും ഓരോ വിക്കറ്റും നേടി.
അഹമ്മദാബാദ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടർന്ന ടീം ഇന്ത്യ 178.5 ഓവറില്‍ 571 റണ്‍സില്‍ അപ്രതീക്ഷിതമായി പുറത്താവുകയായിരുന്നു. 128 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന് പിന്നാലെ വിരാട് കോലിയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. മറ്റ് ബാറ്റർമാർ പിന്തുണ നല്‍കിയെങ്കിലും എട്ടാമനായി ഉമേഷ് യാദവ് പീറ്റർ ഹാന്‍ഡ്സ്കോമ്പിന്‍റെ നേരിട്ടുള്ള ത്രോയില്‍ പുറത്തായതാണ് മികച്ച ലീഡെന്ന ഇന്ത്യന്‍ പ്രതീക്ഷ തകർത്തത്. ശുഭ്മാന്‍ ഗില്‍(128), രോഹിത് ശർമ്മ(35), ചേതേശ്വർ പൂജാര(42), രവീന്ദ്ര ജഡേജ(28), കെ എസ് ഭരത്(44), അക്സർ പട്ടേല്‍(79), രവിചന്ദ്രന്‍ അശ്വിന്‍(7), ഉമേഷ് യാദവ്(0), മുഹമ്മദ് ഷമി(0*), എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍.
നേരത്തെ നേരത്തെ ഉസ്‌മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 422 പന്ത് നേരിട്ട് ഖവാജ 180 ഉം, 170 പന്ത് നേരിട്ട് ഗ്രീന്‍ 114 ഉം റണ്‍സ് സ്വന്തമാക്കി. വാലറ്റത്ത് നേഥന്‍ ലിയോണും(34), ടോഡ് മര്‍ഫിയും(41) നേടിയ റണ്ണുകള്‍ നിര്‍ണായകമായി. നായകന്‍ സ്റ്റീവ് സ്മിത്ത് 38ലും ട്രാവിസ് ഹെഡ് 32ലും പുറത്തായി. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ ആറ് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!