അഹമ്മദാബാദ് പിച്ച്: ശ്രദ്ധേയ കമന്‍റുമായി മഞ്ജരേക്കർ, ഇന്ത്യന്‍ ബൗളർമാർക്ക് പ്രശംസ

Published : Mar 09, 2023, 06:45 PM ISTUpdated : Mar 09, 2023, 06:48 PM IST
അഹമ്മദാബാദ് പിച്ച്: ശ്രദ്ധേയ കമന്‍റുമായി മഞ്ജരേക്കർ, ഇന്ത്യന്‍ ബൗളർമാർക്ക് പ്രശംസ

Synopsis

ബാറ്റിംഗ് സൗഹാർമായിട്ടും ആദ്യ സെഷനില്‍ ഇത്തരമൊരു പിച്ചില്‍ രണ്ട് വിക്കറ്റ് നേടുന്നത് വലിയ കാര്യമാണ് എന്ന് മഞ്ജരേക്കർ

അഹമ്മദാബാദ്: ഇക്കുറി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ ഏറ്റവും വലിയ ചർച്ചാവിഷയം പിച്ചുകളാണ്. നാഗ്‍പൂരിലും ദില്ലിയിലും ഇന്‍ഡോറിലും നടന്ന ആദ്യ മൂന്ന് ടെസ്റ്റുകള്‍ മൂന്ന് ദിവസം കൊണ്ട് അവസാനിച്ചപ്പോള്‍ സ്പിന്നർമാർ തകർത്താടി. ഈ മൂന്ന് ടെസ്റ്റുകളില്‍ ഒരൊറ്റ സെഞ്ചുറിയെ(രോഹിത് ശർമ്മ) പിറന്നുള്ളൂ. പരമ്പര വിജയികളെ നിശ്ചയിക്കുന്ന അഹമ്മദാബാദ് ടെസ്റ്റിലേക്ക് എത്തിയപ്പോഴും ശ്രദ്ധാകേന്ദ്രം പിച്ച് തന്നെയായിരുന്നു. ആദ്യ ദിനം ബാറ്റിംഗിനെ തുണയ്ക്കുന്നു എന്ന് തോന്നിച്ച പിച്ചില്‍ ഭേദപ്പെട്ട സ്കോർ കണ്ടെത്താനുള്ള ശ്രമത്തിലാണ് സന്ദർശകരായ ഓസീസ്. ഇതിനിടെ അഹമ്മദാബാദിലെ പിച്ചിനെ കുറിച്ച് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ സംസാരിച്ചു.  

'ബാറ്റിംഗ് സൗഹാർമായിട്ടും ആദ്യ സെഷനില്‍ ഇത്തരമൊരു പിച്ചില്‍ രണ്ട് വിക്കറ്റ് നേടുന്നത് വലിയ കാര്യമാണ്. വിക്കറ്റ് വീഴ്ത്താനുതകുന്ന അധികം പന്തുകളൊന്നും ഇന്ത്യ എറിഞ്ഞില്ല. ഉമേഷ് യാദവ് നന്നായി പന്തെറിഞ്ഞപ്പോള്‍ ക്യാച്ച് പാഴാക്കി. ഏറെക്കാലമായി കാണാത്ത തരത്തിലുള്ള പിച്ചാണിത്. എഴുപതുകളിലെയോ എണ്‍പതുകളിലേയോ പോലുള്ള പിച്ചില്‍ നിന്ന് ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത് ഗംഭീര പ്രകടനമാണ്'- ഇതായിരുന്നു മഞ്ജരേക്കറുടെ വാക്കുകള്‍. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമായിരുന്നു ഓസീസ് മുന്‍ ഓപ്പണറും സഹ കമന്‍റേറ്ററുമായ മാത്യൂ ഹെയ്ഡന്. ഈ പരമ്പരയില്‍ ബാറ്റർമാർക്കും ബൗളർമാർക്കും അനുകൂലമായ മികച്ച പിച്ച് അഹമ്മദാബാദിലേതാണ് എന്നാണ് ഹെയ്ഡന്‍റെ നിരീക്ഷണം. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഉചിതമായ വിക്കറ്റാണിത് എന്നും ഹെയ്ഡന്‍ കൂട്ടിച്ചേർത്തു.  

ആദ്യ ദിനം പൂർത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ. ഓസീസിനായി ഓപ്പണർ ഉസ്മാന്‍ ഖവാജ സെഞ്ചുറി നേടി. 251 പന്തില്‍ 15 ഫോറുകളോടെ 104* റണ്‍സുമായാണ് ഖവാജ ക്രീസില്‍ നില്‍ക്കുന്നത്. 64 പന്തില്‍ 49* റണ്‍സുമായി കാമറൂണ്‍ ഗ്രീനാണ് കൂട്ട്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഖവാജ-ഗ്രീന്‍ കൂട്ടുകെട്ട് ഇതിനകം പുറത്താകാതെ 85 റണ്‍സ് ചേർത്തിട്ടുണ്ട്. ആദ്യ ദിനം അവസാന സെഷനില്‍ ആക്രമിച്ച് കളിച്ച കാമറൂണ്‍ ഗ്രീന്‍ സ്കോർ 250 കടത്തി. 44 പന്തില്‍ 32 റണ്‍സെടുത്ത ഓപ്പണർ ട്രാവിസ് ഹെഡ്, 20 പന്തില്‍ 3 റണ്‍സ് നേടിയ മാർനസ് ലബുഷെയ്ന്‍, 27 പന്തില്‍ 17 സ്വന്തമാക്കിയ പീറ്റർ ഹാന്‍സ്കോമ്പ്, 135 പന്തില്‍ 38 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് എന്നിവരെയാണ് ഓസീസിന് നഷ്ടമായത്. മുഹമ്മദ് ഷമി രണ്ടും രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും നേടി. 

13 വർഷത്തിനിടെ ഇതാദ്യം; സെഞ്ചുറിയോടെ റെക്കോർഡിട്ട് ഉസ്‍മാന്‍ ഖവാജ

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ