
അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിലും റണ്‍വരള്‍ച്ചയ്ക്ക് അറുതി വരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം കോലി ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടി. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ അഹമ്മദാബാദില്‍ അര്‍ധസെഞ്ചുറിയുമായി കുതിക്കുകയാണ് കിംഗ്. അഹമ്മദാബാദ് ഇന്നിംഗ്‌സോടെ ടെസ്റ്റില്‍ ഇന്ത്യയില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കോലിക്കായിരുന്നു. അര്‍ധസെഞ്ചുറിക്കൊപ്പം ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ ഒരു റെക്കോര്‍ഡ് മറികടക്കാനും അഹമ്മദാബാദില്‍ വിരാട് കോലിക്കായി.
രാജ്യാന്തര ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ പിന്നിലാക്കി വിരാട് കോലി രണ്ടാമനായി. ഇനി മുന്നിലുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രം. സച്ചിന് 6707 ഉം കോലിക്ക് 4729 റണ്‍സുമാണ് ഓസീസിനെതിരെയുള്ളത്.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടരവേ വിരാട് കോലിയും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കുമ്പോള്‍ അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. മൂന്നാം ദിനം അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സായി ഇന്ത്യക്ക്. കോലി 128 പന്തില്‍ 59* ഉം ജഡേജ 54 പന്തില്‍ 16* ഉം റണ്‍സ് നേടി. എന്നാല്‍ ഓസീസ് സ്കോറിനേക്കാള്‍ 191 റണ്‍സ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. ശുഭ്‌മാന്‍ ഗില്ലിന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ്(235 പന്തില്‍ 128) ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്. ഗില്ലിന് പുറമെ നായകന്‍ രോഹിത് ശമ്മ(58 പന്തില്‍ 35), മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(121 പന്തില്‍ 42) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
കിടിലന്‍ അർധസെഞ്ചുറി; കിംഗ് കോലി എലൈറ്റ് ക്ലബില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!