വിരാട് കോലിയും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കേ അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ്

അഹമ്മദാബാദ്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയുമായി വിരാട് കോലിക്ക് റെക്കോര്‍ഡ്. ടെസ്റ്റില്‍ ഇന്ത്യയില്‍ വച്ച് 4000 റണ്‍സ് കിംഗ് കോലി പൂർത്തിയാക്കി. ഈ നേട്ടം പൂര്‍ത്തിയാക്കുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് വിരാട് കോലി. നീണ്ട 14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി ടെസ്റ്റില്‍ അ‍ര്‍ധസെഞ്ചുറി നേടുന്നത് എന്നതും ശ്രദ്ധേയമാണ്. 2022 ജനുവരിയിലായിരുന്നു ഇതിന് മുമ്പ് കോലിയുടെ ഫിഫ്റ്റി. അതേസമയം ടെസ്റ്റ് കരിയറിലാകെ കോലിയുടെ റണ്‍സമ്പാദ്യം 108 മത്സരങ്ങളില്‍ 48.47 ശരാശരിയോടെ 8289 ആയി. 27 സെഞ്ചുറികളും ഏഴ് ഇരട്ട ശതകങ്ങളും സഹിതമാണിത്. 

വിരാട് കോലിയും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കേ അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. മൂന്നാം ദിനം അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സായി ഇന്ത്യക്ക്. കോലി 128 പന്തില്‍ 59* ഉം ജഡേജ 54 പന്തില്‍ 16* ഉം റണ്‍സ് നേടി. എന്നാല്‍ ഓസീസ് സ്കോറിനേക്കാള്‍ 191 റണ്‍സ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. ശുഭ്‌മാന്‍ ഗില്ലിന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ്(235 പന്തില്‍ 128) ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്. നായകന്‍ രോഹിത് ശ‍മ്മ(58 പന്തില്‍ 35), ചേതേശ്വര്‍ പൂജാര(121 പന്തില്‍ 42) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

നേരത്തെ ഉസ്‌മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 422 പന്ത് നേരിട്ട് ഖവാജ 180 ഉം, 170 പന്ത് നേരിട്ട് ഗ്രീന്‍ 114 ഉം റണ്‍സ് സ്വന്തമാക്കി. വാലറ്റത്ത് നേഥന്‍ ലിയോണും(34), ടോഡ് മ‍ര്‍ഫിയും(41) നേടിയ റണ്ണുകള്‍ നിര്‍ണായകമായി. നായകന്‍ സ്റ്റീവ് സ്മിത്ത് 38ലും ട്രാവിസ് ഹെഡ് 32ലും പുറത്തായി. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ ആറ് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജയും അക്സ‍ര്‍ പട്ടേലും ഓരോ വിക്കറ്റ് നേടി. 

ഗില്ലിന് ഇതില്‍ക്കൂടുതല്‍ എന്ത് വേണം; ഏറ്റവും സന്തോഷവാന്‍ കിംഗ് കോലി- വീഡിയോ